ഏലക്ക വിലയിൽ കുതിപ്പ്; തക്കം നോക്കി മോഷ്ടാക്കൾ
text_fieldsകട്ടപ്പന: ഏലക്ക വില കുത്തനെ ഉയർന്നതോടെ തോട്ടങ്ങളിൽനിന്ന് വ്യാപകമായി പച്ച ഏലക്ക മോഷണം പോകുന്നത് കർഷകരിൽ ആശങ്ക ഉണർത്തുന്നു. ഉണക്കയുടെ വില 3000 കടന്നതോടെ പച്ചഏലക്ക വിലയും കിലോക്ക് 500ന് അടുത്തെത്തി. ഇതോടെയാണ് പച്ച ഏലക്ക മോഷണം വ്യാപകമായത്.
പുറ്റടി സ്പൈസസ് പാർക്കിൽ ചൊവ്വാഴ്ച നടന്ന ലേലത്തിൽ 46,214 കിലോ ഏലക്ക പതിഞ്ഞതിൽ 43,965 കിലോ വിറ്റുപോയപ്പോൾ കൂടിയ വില കിലോക്ക് 3316 രൂപയും ശരാശരി വില 2875.96 രൂപയും ലഭിച്ചു. വിലയിൽ ഉണ്ടായ കുതിപ്പാണ് മോഷണം വ്യാപകമാകാൻ ഇടയാക്കിയത്. ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി മോഷണ സംഭവങ്ങളാണ് ഏലത്തോട്ടം മേഖലയിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചെടികളിൽനിന്ന് ശരത്തോടെയാണ് മോഷണം. ഇതുമൂലം ആ വർഷം ചെടികളിൽനിന്നുള്ള ഉൽപാദനം പൂർണമായും ഇല്ലാതാകും. ഇത് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
മൂന്ന് ദിവസത്തിനിടെ പിടിയിലായത് അഞ്ചുപേർ
മൂന്ന് ദിവസത്തിനിടെ അഞ്ചുപേരാണ് പച്ച ഏലക്ക മോഷ്ടിച്ച കേസിൽ അറസ്റ്റിലായത്. ഇതിൽ മൂന്ന് പേർ ഉപ്പുതറ പൊലീസിന്റെ പിടിയിലായപ്പോൾ രണ്ടുപേർ വണ്ടൻമേട് പൊലീസാണ് പിടികൂടിയത്. ഉപ്പുതറയിൽ പച്ച ഏലക്ക മോഷ്ടിച്ചു കടത്തിയ കേസിൽ പിടിയിലായ മൂന്ന് പേർ മുമ്പ് നിരവധി മോഷണങ്ങൾ നടത്തിയവരാണ്.
ചീന്തലാർ മൂന്നാം ഡിവിഷൻ കമ്പിലയത്തിൽ കണ്ണക്കൻ എം. റെജി (54), ആനപ്പള്ളം പുത്തൻപറമ്പിൽ പി.ആർ. സന്തോഷ് (27), മൂന്നാം ഡിവിഷൻ മൂന്നുമുറി ലയത്തിൽ പ്ലാമൂട്ടിൽ ജിനു വർഗീസ് (35) എന്നിവരാണ് ഉപ്പുതറയിൽ അറസ്റ്റിലായത്. മേരികുളം നിരപ്പേൽക്കട പുല്ലാട്ട് റെജിയുടെ ചീന്തലാർ പള്ളിക്ക് സമീപം മൂന്നാം ഡിവിഷൻ പതാൽ കാട്ടിലെ പാട്ടഭൂമിയിൽനിന്നാണ് ഇവർ 25 കിലോ പച്ച ഏലക്ക മോഷ്ടിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ റെജിയുടെ വീട്ടിലിരുന്ന് ശരത്തിൽനിന്നും ഏലക്ക അടർത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. മോഷണ വിവരം അറിഞ്ഞ നാട്ടുകാർ പുറത്തുനിന്ന് പൂട്ടിയിരുന്ന വീടിനുള്ളിൽ ആളനക്കം മനസ്സിലാക്കി ഉപ്പുതറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ 25 കിലോ ഏലക്ക കണ്ടെടുക്കുകയും പ്രതികളെ മൂന്നു പേരെയും അറസ്റ്റുചെയ്യുകയും ചെയ്തു. സമാനമായ അടുത്ത മോഷണം നടന്ന് വണ്ടൻമേട്ടിലാണ്. സംഭവത്തിൽ രണ്ടുപേരാണ് പിടിയിലായത്. വണ്ടൻമേട് പുന്നത്താനം അഭിജിത്ത് മനോജ്, നായരുസിറ്റി വാണിയപുരയ്ക്കൽ ബിബിൻ ബാബു എന്നിവരാണ് പിടിയിലായത് . 50 കിലോയോളം പച്ച ഏലക്ക ഇവരിൽനിന്ന് കണ്ടെടുത്തു. ഉപ്പുതറയിൽ മോഷണം നടന്ന അതേ വെള്ളിയാഴ്ച പകലാണ് വണ്ടൻമേട്ടിലും പ്രതികൾ മോഷണം നടത്തിയത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ പൊലീസിന് കൈമാറി.
കർഷകർ നിരീക്ഷണം തുടങ്ങി
കുറെ നാളുകളായി ഈ മേഖലയിൽ പല ഏലത്തോട്ടങ്ങളിലും പച്ച ഏലക്ക മോഷണം പതിവായിരുന്നു. അതിനാൽ കർഷകർ പ്രദേശത്തു നിരീക്ഷണം നടത്തിയിരുന്നതാണ് പ്രതികൾ പിടിയിലാകാൻ ഇടയാക്കിയത്. രണ്ടാഴ്ച മുമ്പ് ചെല്ലാർകോവിൽ, ചക്കുപള്ളം, വള്ളക്കടവ് മേഖലകളിലും പച്ച ഏലക്ക മോഷണം പോയിരുന്നു.
കട്ടപ്പന മാർക്കറ്റിൽ പച്ച ഏലക്കക്ക് ഗുണ നിലവാരം അനുസരിച്ചു കിലോക്ക് 450 രൂപ മുതൽ 500 രൂപവരെ വില കിട്ടുന്നുണ്ട്. അഞ്ചും പത്തും കിലോ പച്ച ഏലക്ക മോഷ്ടിച്ചു കട്ടപ്പന, അണക്കര, കുമിളി മേഖലയിലെ കടകളിൽ വിറ്റഴിച്ചിരുന്നത് അടുത്ത നാളിൽ പിടികൂടിയിരുന്നു. പച്ച ഏലക്ക വിലക്ക് വാങ്ങുന്ന ചില വ്യാപാരികളും മോഷ്ണക്കേസിൽ പിടിയിലായിട്ടുണ്ട്. കർഷകരിൽ നിന്നാണെന്ന് ഉറപ്പാക്കി മാത്രമേ പച്ച ഏലക്ക വാങ്ങാവൂ എന്ന് പൊലീസ് വ്യാപാരികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.