വീട്ടമ്മയുടെ കൊലപാതകം: പ്രതിയെക്കുറിച്ച് സൂചന ലഭിക്കാതെ പൊലീസ്
text_fieldsകട്ടപ്പന: കൊച്ചുതോവാളയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ തുമ്പ് കണ്ടെത്താനാവാതെ പൊലീസ്. കേസുമായി ബന്ധപ്പെട്ട് 40 ഓളംപേരെ ചോദ്യംചെയ്യുകയും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തെങ്കിലും കൊലയാളിയെക്കുറിച്ച് സൂചനകളിലെത്താൻ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ജോര്‍ജിെൻറ ഭാര്യ ചിന്നമ്മയെയാണ് (60) കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ച വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ ചിന്നമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ബോധ്യമായിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ചിന്നമ്മയും ജോര്‍ജും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ജോര്‍ജിനെ രണ്ടുഘട്ടമായി ചോദ്യം ചെയ്തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. വീടിനു പുറത്തുനിന്നുള്ള ആള് തന്നെയാണ് കൊലയാളി എന്ന നിഗമനത്തിലാണ് പൊലീസ്.
കൊലപാതകം നടന്ന വീട്ടിലോ, സമീപത്തോ സി.സി ടി.വി ഉണ്ടായിരുന്നില്ല. എന്നാല്‍, പ്രദേശത്തെ മറ്റു വീടുകളുടെയും സ്ഥാപനങ്ങളുടെയും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണ്. ഇതുവരെ പരിശോധിച്ചവയിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കൊലയാളി കൊലനടന്ന വീടുമായി അധികം അകലത്തിലല്ലെന്നും കരുതുന്നുണ്ട്. ചിന്നമ്മയുടെ ശരീരത്തിലെ സ്വര്‍ണം കാണാനില്ലെന്നും പിന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നുവെന്നുമുള്ള ജോര്‍ജിെൻറ മൊഴിയാണ് സംഭവത്തില്‍ കൊലപാതക സാധ്യത പരിശോധിക്കാന്‍ കാരണമായത്. ഡിവൈ.എസ്.പി ജെ. സന്തോഷ്കുമാര്‍, എസ്.എച്ച്.ഒ ബി. ജയന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.