ഹൈറേഞ്ചിൽ കാപ്പിക്കുരു വിളവെടുപ്പ് കാലം
text_fieldsകട്ടപ്പന: ഹൈറേഞ്ചിൽ കാപ്പിക്കുരു വിളവെടുപ്പിന് പാകമായി നിൽക്കുമ്പോഴും പ്രതികൂല കാലാവസ്ഥയും വിലക്കുറവും വിളവെടുക്കാൻ തൊഴിലാളികളുമില്ലാതെ ദുരിതത്തിലായി കർഷകർ. ഹൈറേഞ്ചിലെ ചെറുകിട കർഷകരുടെ മിക്ക തോട്ടങ്ങളിലും കാപ്പിക്കുരു പഴുത്ത് വിളവെടുപ്പിന് പാകമായി. ചപ്പാത്ത്, മ്ലാമല, ഉപ്പുതറ, കോഴിമല, കാഞ്ചിയാർ ,മേരികുളം, മാട്ടുക്കട്ട ,സ്വർണവിലാസം, സ്വരാജ് മേഖലകളിലാണ് കാപ്പിക്കുരു വിളവെടുപ്പിന് പാകമായി കൊണ്ടിരിക്കുന്നത്.
തുടർച്ചയായ മഴയും പ്രതികൂല കാലാവസ്ഥയും മൂലം കാപ്പിക്കുരു പറിച്ചെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. കുരു പറിച്ചെടുത്താലും തുടർച്ചയായി നല്ല വെയിൽ ലഭിച്ചാലേ ഉണക്കാനാവു. ഇല്ലെങ്കിൽ പൂപ്പൽ ബാധിച്ചു അഴുകിപ്പോകും. ഇതിനൊപ്പം കാപ്പിക്കുരുവിന്റെ വിലയിടിവും വിളവെടുക്കാൻ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും മൂലം കർഷകർ വിഷമത്തിലാണ്. മിക്ക കാപ്പിത്തോട്ടങ്ങളിലും കുരു പഴുത്തുചുവന്ന് കുലകളായി കിടക്കുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ കുരു പറിച്ചെടുത്തില്ലെങ്കിൽ പക്ഷികളും വവ്വാലുകളും അണ്ണാനും ഇത് ആഹാരമാക്കുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കും.
കാപ്പിക്കുരുവിന്റെ വില ഇടിഞ്ഞതാണ് കർഷകരെ എറെ ദുരിതത്തിലാക്കിയത്. കാപ്പി പരിപ്പിന് കിലോഗ്രാമിന് 140 രൂപയാണ് ലഭിക്കുന്നത്. കാപ്പി പരിപ്പിനു (റോബസ്റ്റ) കിലോഗ്രാമിന് 240 രൂപയാണ് ലഭിക്കുന്നത്. കുരുവിനു കിലോക്ക് കുറഞ്ഞത് 250 രൂപയും 500 രൂപയും വില ലഭിച്ചെങ്കിലേ കൃഷി ആദായകരമാകൂ. വർഷങ്ങൾക്ക് മുമ്പ് കുരുവിന് കിലോഗ്രാമിന് 260 രൂപ വന്നശേഷം വില ക്രമേണ താഴ്ന്ന് ഇപ്പോഴത്തെ വിലയിൽ എത്തുകയായിരുന്നു. ഒരവസരത്തിൽ വില 80രൂപ വരെ താഴ്ന്നത് കർഷകരിൽ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു.
വിലയില്ലാത്തതിനാൽ കാപ്പിക്കുരു പറിച്ചെടുത്ത് വിറ്റാൽ കിട്ടുന്നത് കൂലിച്ചെലവിനുപോലും തികയാത്ത സ്ഥിതിയാണ്. കൃഷി, പരിപാലന ചെലവുകൂടി കുട്ടിയാൽ കൃഷി കനത്ത നഷ്ടത്തിലാണ്. തുടർച്ചയായി കൃഷി നഷ്ടത്തിലായതിനാൽ കാപ്പി വെട്ടിക്കളഞ്ഞ് മറ്റ് കൃഷികളിലേക്ക് പലരും മാറുകയാണ്.
വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാത്ത സാഹചര്യമാണ് മറ്റൊരു പ്രശ്നം. മുമ്പ് തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ കൃഷിപ്പണിക്കും വിളവെടുപ്പിനും ധാരാളമായി വന്നിരുന്നു. ഇവർക്ക് പൊതുവെ കുറഞ്ഞകൂലി മതിയായിരുന്നു. എന്നാൽ, അടുത്ത നാളിൽ തമിഴ്നാട്ടിൽ നിർമാണമേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകുകയും മെച്ചപ്പെട്ട കൂലി ലഭിക്കാനും തുടങ്ങിയതോടെ തമിഴ് തൊഴിലാളികളുടെ വരവ് കുറഞ്ഞു.
അന്തർ സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചുമാത്രമാണ് ഇപ്പോൾ വിളവെടുപ്പ്. വേണ്ടത്ര വൈദഗ്ധ്യമില്ലാത്തതിനാൽ അന്തർ സംസ്ഥാന തൊഴിലാളികളെക്കൊണ്ട് വിളവെടുപ്പിക്കുന്നത് നഷ്ടമാണ്. അവർ പറിച്ചെടുക്കുന്ന കുരു ഭൂരിഭാഗവും നിലത്തുവീഴും. ഇതു തിരഞ്ഞുപെറുക്കിയെടുക്കുക ദുഷ്കരമാണ്. അതിനാൽ വിളവെടുപ്പ് നഷ്ടത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.