മലയോര ഹൈവേ നിർമാണം; കട്ടപ്പന-ചപ്പാത്ത് റോഡ് ചളിക്കുണ്ടായി
text_fieldsകട്ടപ്പന: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്ന ചപ്പാത്ത് മുതൽ വാഹനങ്ങൾ ചളിയിൽ താഴ്ന്ന് ഗതാഗത തടസ്സം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയാണ് വാഹനങ്ങൾ വഴിയിൽ കുരുങ്ങാൻ ഇടയാക്കിയത്. ചപ്പാത്ത്, തോണിത്തടി, മേരികുളം തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് ചളിക്കുണ്ടായി. ബസുകൾ ചളിയിൽ താഴ്ന്ന് മുന്നോട്ടുപോകാൻ കഴിയാതെ വരുന്നതോടെയാണ് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്. കാർ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ ചളിയിൽ അകപ്പെടുന്നതിനൊപ്പം അടിവശം തട്ടി കേടുപാടുകൾ സംഭവിക്കുന്നതും പതിവായി. രോഗികളുമായി പോകുന്ന ആംബുലൻസുകളും ഗതാഗതക്കുരുക്കിൽപെടുന്നു.
ചളിയിൽ താഴുന്ന വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് കയറ്റിവിടുന്നത്. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ് ഏറെ വിഷമിക്കുന്നത്. ദേഹത്ത് ചളിതെറിച്ച് വസ്ത്രങ്ങൾ അഴുക്കാകുന്നതോടെ യാത്ര മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകേണ്ട സ്ഥിതിയാണ്. കാൽനടയും ദുഷ്കരമായി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കോട്ടയം, ചങ്ങനാശ്ശേരി, ഉപ്പുതറ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകളെല്ലാം സമയംതെറ്റിയാണ് ഓടുന്നത്. ഷട്ടിൽ സർവിസ് നടത്തുന്ന ബസുകളുടെ ചില ട്രിപ്പുകൾ മുടങ്ങുന്നു. ബസുകൾ സമയംതെറ്റി എത്തുന്നത് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെയും വിദ്യാർഥികളെയും തൊഴിലാളികളെയുമെല്ലാം വലക്കുന്നു. പകൽ ഗതാഗതം നിയന്ത്രിക്കാനും ചളിയിൽ അകപ്പെടുന്ന വാഹനങ്ങൾ കയറ്റിവിടാനുമെല്ലാം തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായം ലഭിക്കുമെങ്കിലും രാത്രി എത്തുന്നവരാണ് വഴിയിൽ കുടുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.