ചെലവ് വർധന, വിലക്കുറവ്; കുരുമുളക് കർഷകർ പ്രതിസന്ധിയിൽ
text_fieldsകട്ടപ്പന: വില മുമ്പത്തേക്കാൾ മെച്ചപ്പെട്ട് തുടങ്ങിയെങ്കിലും പ്രതിസന്ധികൾക്ക് നടുവിലാണ് ഹൈറേഞ്ചിലെ കുരുമുളക് കർഷകർ. അഞ്ചുവർഷം മുമ്പ് ലഭിച്ചിരുന്നതിെൻറ പകുതിയിൽ അൽപം കൂടിയ വില മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. 2016 ൽ 650 രൂപ ലഭിച്ചിരുന്നിടത്ത് നിലവിൽ 400 രൂപ വരെ. തൊഴിലാളികളുടെ കൂലിയിലും രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലയിലുമുണ്ടായ വർധനക്ക് ആനുപാതികമായി വില ഉയരാത്തതാണ് കർഷകരെ വലക്കുന്നത്. കിലോക്ക് 500 രൂപയെങ്കിലും കിട്ടിയാലെ കൃഷി ലാഭകരമാകൂയെന്നാണ് കർഷകർ പറയുന്നത്.
ഇന്ത്യയിൽ കുരുമുളകിന് 60,000 ടൺ ആഭ്യന്തര ഉപഭോഗം ഉണ്ടെങ്കിലും മുൻവർഷങ്ങളിൽ കേരളത്തിലെ ഉൽപാദനം 40,000 ടൺ മാത്രമാണ്. കർണാടക ഒഴികെ സംസ്ഥാനങ്ങളിൽ കാര്യമായ ഉൽപാദനമില്ല. കേരളത്തിൽ ഉൽപാദനം കുറയുന്നത് മുമ്പ് വിപണിയിൽ പ്രതിഫലിച്ചിരുന്നെങ്കിലും ഇറക്കുമതി വർധിച്ചതോടെ അത് ഇല്ലാതായി. തുടർച്ചയായി മഴ െപയ്താൽ കുരുമുളകിൽ ഈർപ്പത്തിെൻറ അംശം കൂടി പൂപ്പൽ ബാധയുണ്ടാകും. ഇതുമൂലം ലിറ്റർ വെയിറ്റ് കൂടുന്നതിനാൽ വ്യാപാരികൾ കുരുമുളക് വാങ്ങാൻ മടിക്കും. സാധാരണ നന്നായി ഉണങ്ങിയ ഒരു ലിറ്റർ കുരുമുളക് 550 ഗ്രാം കാണും. എന്നാൽ, ഈർപ്പം ബാധിച്ചാൽ 510 ഗ്രാമിൽ കുറവായിരിക്കും.
വിളവെടുപ്പ് കാലത്തെ വിലയിടിവാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. കടക്കെണിയിൽ നട്ടംതിരിയുന്നതിനിടെ തൊഴിലാളികൾക്ക് കൂലി കൊടുത്ത് വിളവെടുത്താൽ സൂക്ഷിച്ചുവെക്കാൻ ഭൂരിഭാഗം കർഷകർക്കും സൗകര്യവുമില്ല. അതിനാൽ ഉടൻ വിറ്റഴിക്കും. ഇവ വാങ്ങി സംഭരിക്കുന്നവരാണ് വിപണിയുടെ സാധ്യത മുതലെടുക്കുന്നത്. സ്പൈസസ് പാർക്കിലും മറ്റും കുരുമുളക് സംഭരിക്കാൻ സൗകര്യമുണ്ടെങ്കിലും സാധാരണ കർഷകർക്ക് ഇത് അപ്രാപ്യമാണ്. വിളവെടുക്കാൻ ഒരു തൊഴിലാളിക്ക് ദിവസം 800 രൂപയിലധികം നൽകണം. വളപ്രയോഗത്തിനും താങ്ങുമരങ്ങളുടെ ശിഖരം മുറിക്കാനും കുരുമുളക് ചെടികൾ മരത്തോടു ചേർത്തുകെട്ടി സംരക്ഷിക്കാനുമൊക്കെ നല്ലൊരു തുക വേറെയും ചെലവഴിക്കേണ്ടിവരുന്നു.
ദ്രുതവാട്ടം, പൊള്ളുരോഗം, ഇലചീയൽ, ഇലകരിച്ചിൽ, ഇല മഞ്ഞളിപ്പ്, വേരുപുഴു എന്നിങ്ങനെ ചെടികളിലും തിരികളിലും കുരുമുളകിലും ഉണ്ടാകുന്ന കീടബാധകൾ കർഷകർക്ക് എന്നും തലവേദനയാണ്. രോഗം ബാധിച്ച ചെടി മൂന്നുവർഷത്തിനുള്ളിൽ പൂർണമായി നശിക്കും. പടർന്നു പിടിക്കുന്ന രോഗമായതിനാൽ ഉൽപാദനത്തെ കാര്യമായി ബാധിക്കും. ശക്തമായ വേനലിൽ ഹൈറേഞ്ചിൽ പലയിടത്തും കുരുമുളക് ചെടികൾ കരിഞ്ഞു നശിച്ചിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാറുകളും സ്പൈസസ് ബോർഡും ഇടപെട്ടാലേ കർഷകരുടെ ദുരിതത്തിന് അറുതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.