ബുറെവി: മുന്നറിയിപ്പുണ്ടെങ്കിലും ലയങ്ങളിലെ തൊഴിലാളി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചില്ല
text_fieldsകട്ടപ്പന: ബുറെവി ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ പീരുമേട് ടീ കമ്പനിയുടെ ചിന്തലാർ, ലോൺട്രീ ഡിവിഷനുകളിലെ തകർന്നുവീഴാറായ ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയില്ല. നൂറോളം കുടുംബങ്ങളെയാണ് അടിയന്തരമായി മാറ്റി പാർപ്പിക്കേണ്ടത്.
വില്ലേജ് അധികൃതർ നിർദേശിച്ചിട്ടും തൊഴിലാളി കുടുംബങ്ങൾ മാറാൻ തയാറായിട്ടില്ലെന്ന് ഉപ്പുതറ വില്ലേജ് ഓഫിസർ 'മാധ്യമ'ത്തോട് പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടായാൽ അവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്ത് എൽ.പി സ്കൂൾ തയാറാക്കിയിട്ടുണ്ട്. ഇപ്പോൾ മാറേണ്ട സാഹചര്യം ഇല്ലെന്ന മട്ടിലാണ് തൊഴിലാളികൾ.
മഴ ശക്തമാകുകയും കാറ്റുവീശുകയും ചെയ്താൽ കുടുംബങ്ങളെ നിർബന്ധപൂർവം മാറ്റേണ്ടി വരും. ഇതിനുള്ള തയാറെടുപ്പിലാണ് റവന്യൂ അധികൃതർ. മിക്ക സ്കൂളുകളും ഹാളുകളും തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി ഒരുക്കിയതിനാൽ കൂടുതൽ പേരെ മാറ്റി പാർപ്പിക്കേണ്ട സ്ഥിതി ഉണ്ടായാൽ റവന്യൂ അധികൃതർ പ്രതിസന്ധിയിലാകുകയും ചെയ്യും. ചെറിയ കാറ്റടിച്ചാൽപോലും ലയങ്ങൾ തകർന്നുവീഴും. നിരവധി കുടുംബങ്ങളാണ് ലയങ്ങളിൽ മരണഭീതിയിൽ കഴിയുന്നത്. പീരുമേട് ടീ കമ്പനിയിൽ മാത്രം 694 കുടുംബങ്ങൾ ഏതു നിമിഷവും തകർന്നുവീഴാവുന്ന ലയങ്ങളിൽ കഴിയുന്നത്.
മരണഭയം നിമിത്തം അടുത്ത നാളിൽ താമസം ഷെഡിലേക്ക് മാറ്റിയത് 104 കുടുംബങ്ങളാണ്. പെട്ടിമുടി ദുരന്ത പശ്ചാത്തലത്തിൽ പീരുമേട് ടീ കമ്പനി തൊഴിലാളികളുടെ ലയങ്ങൾ അറ്റകുറ്റപ്പണി നടത്തി അപകട ഭീഷണി ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഏതാനും കുടുംബങ്ങൾക്ക് മാത്രമാണ് അപകട ഭീഷണി ഒഴിവാക്കി കിട്ടിയത്.
ബാക്കിയുള്ളവരെ പുനരധിവസിപ്പിക്കാൻ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ വലിയ ദുരന്തത്തിനു സാധ്യതയുണ്ട്. ചീന്തലാർ ഒന്നാം ഡിവിഷനിൽ 64, രണ്ടാം ഡിവിഷനിൽ 97, മൂന്നാം ഡിവിഷനിൽ 65, ലോൺട്രിയിൽ 51 എന്നിങ്ങനെ 277 കുടുംബങ്ങൾ അതീവ ദുർബലലയത്തിലാണ് കഴിയുന്നത്. തകർന്ന ലയങ്ങളുടെ മേൽക്കൂര അറ്റകുറ്റപ്പണി നടത്തി ഉടൻ താമസയോഗ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയായില്ല.
രണ്ടര കോടിയോളം രൂപ മുടക്കി ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്താനാണ് സർക്കാർ ആലോചിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.