കുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചു; മന്ത്രി ഇടപെട്ട് പുനഃസ്ഥാപിച്ചു
text_fieldsകട്ടപ്പന: ബിൽ കുടിശ്ശികയെത്തുടർന്ന് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചു. തൊട്ടുപിന്നാലെ മന്ത്രി ഇടപെട്ടതിനെത്തുടർന്ന് കണക്ഷൻ പുനഃസ്ഥാപിച്ചു. കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലേക്കുള്ള കണക്ഷനാണ് വിച്ഛേദിച്ചത്.
11 ലക്ഷം രൂപക്കുമുകളിൽ വൈദ്യുതി ബിൽ കുടിശ്ശികയായതിനെത്തുടർന്നായിരുന്നു കെ.എസ്.ഇ.ബി നടപടി. കുടിശ്ശിക അടക്കാൻ വൈദ്യുതി വകുപ്പ് സാവകാശം നൽകിയെങ്കിലും നഗരസഭ ഇക്കാര്യത്തിൽ അലംഭാവം തുടർന്നതാണ് കണക്ഷൻ വിച്ഛേദിക്കാൻ കാരണമായത്. പരാതിയെത്തുടർന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് ഇടപെട്ട് വൈകീട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. കുടിശ്ശിക തുക ഉടൻ അടച്ചുതീർക്കാമെന്ന് കെ.എസ്.ഇ.ബി അധികൃതർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. കണക്ഷൻ വിച്ഛേദിച്ചതോടെ നാലുമണിക്കൂറോളം പമ്പ് ഹൗസിന്റെ പ്രവർത്തനം നിലച്ചു.
മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് കുടിശ്ശിക പ്രശ്നത്തിൽ കുടിവെള്ള പദ്ധതിയുടെ കണക്ഷൻ വിച്ഛേദിക്കുന്നത്. 2019 മുതലുള്ള മൂന്നുവർഷത്തെ കുടിശ്ശികയാണ് ഇപ്പോൾ വൻ തുകയായി മാറിയത്. പദ്ധതിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കട്ടപ്പന നഗരസഭയും ജല അതോറിറ്റിയും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. ഉടമസ്ഥാവകാശം നഗരസഭക്കാണെങ്കിലും ഗുണഭോക്താക്കളിൽനിന്ന് പണം പിരിക്കുന്നതും മോട്ടോറിന്റെയും പൈപ്പ് ലൈനുകളുടെയും അറ്റകുറ്റപ്പണി നടത്തുന്നതും ജല അതോറിറ്റിയാണ്. വൈദ്യുതി ബിൽ നഗരസഭയാണ് അടച്ചുപോന്നിരുന്നത്. 2018ൽ വൈദ്യുതി ബിൽ അടക്കുന്നതിലെ നിയമതടസ്സം നഗരസഭ വാട്ടർ അതോറിറ്റിയെ അറിയിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ശുദ്ധജല പദ്ധതിയുടെ ഗുണഭോക്തൃ വിഹിതം കൈപ്പറ്റുന്നത് ജല അതോറിറ്റിയാണെന്നും അതിനാൽ വൈദ്യുതി ബിൽ അടക്കാനാകില്ലെന്നുമാണ് നഗരസഭ അധ്യക്ഷ ബീന ജോബി പറയുന്നത്. അതേസമയം ഉടമസ്ഥാവകാശം നഗരസഭക്കാണെന്നും കുടിശ്ശിക അടക്കേണ്ടത് നഗരസഭയാണെന്നുമാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.