ഇടുക്കി ജലാശയത്തിെൻറ സംരക്ഷിത മേഖലയിലെ കൈയേറ്റം
text_fieldsകട്ടപ്പന: ഇടുക്കി ജലാശയത്തിെൻറ സംരക്ഷിത മേഖലയിൽ സ്വകാര്യ വ്യക്തി കൈയേറിയ ഭൂമി ഒഴിപ്പിക്കാനെത്തിയ ഇടുക്കി സബ് കലക്ടറെയും സംഘത്തെയും ഒരുകൂട്ടം ആളുകൾ തടഞ്ഞു. അഞ്ചുരുളിയിൽ ജൽ ജീവൻ മിഷന് ശുദ്ധീകരണ പ്ലാന്റ് നിർമിക്കാൻ അനുവദിച്ച ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കലക്ടർ ഡോ. അരുൺ എസ്. നായരെയും സംഘത്തെയും കാഞ്ചിയാർ പഞ്ചായത്തംഗം ഷാജി വേലമ്പറമ്പിലിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
ജൽ ജീവൻ മിഷെൻറ 317 കോടി രൂപയുടെ പദ്ധതിക്ക് അഞ്ചുരുളിയിൽ ശുദ്ധീകരണ പ്ലാന്റ് നിർമിക്കാൻ കെ.എസ്.ഇ.ബിയാണ് ഒരേക്കർ ഭൂമി അനുവദിച്ചത്. ജലവിഭവ വകുപ്പിന് വിട്ടുകിട്ടിയ ഈ ഭൂമിയാണ് സ്വകാര്യ വ്യക്തി കൈയേറിയത്. ആദ്യം ഇവിടെ ഷെഡ് പണിതു.
വിവരം അറിഞ്ഞയുടൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ കലക്ടർക്ക് കത്തു നൽകി. തുടർന്ന് ഭൂമിയുടെ അവകാശ തർക്കം പരിഹരിക്കാൻ സ്വകാര്യ വ്യക്തിയോട് ഹാജരാകാൻ ജില്ല ഭരണകൂടം നോട്ടീസ് നൽകി. റവന്യൂ ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ നൽകാനെത്തിയെങ്കിലും കൈപ്പറ്റാൻ തയാറാകാതെ ഉറപ്പുള്ള കെട്ടിടം നിർമിക്കുകയായിരുന്നു. തുടർന്ന് കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ചിയാർ പഞ്ചായത്ത് കമ്മിറ്റിയും പ്രമേയം പാസാക്കി കലക്ടർക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് കലക്ടർ ഒഴിപ്പിക്കാൻ എത്തിയത്. ഉദ്യോഗസ്ഥർ എത്തുന്ന വിവരം മുൻകൂട്ടി ചോർന്നു കിട്ടിയ പഞ്ചായത്തംഗം ആളുകളെ കൂട്ടി തടയുകയായിരുന്നു. തടയാനെത്തിയവരും ഉദ്യോഗസ്ഥരും തമ്മിൽ ഏറെ നേരം വാക്തർക്കവും ഉണ്ടായി. ഭൂമിയിൽ പ്രവേശിക്കുന്നത് തടഞ്ഞ് കോടതി ഉത്തരവ് ഉണ്ടെന്ന് സ്വകാര്യ വ്യക്തി വാക്കാൽ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് റവന്യൂ സംഘം തിരിച്ചുപോയി.
ഇടുക്കി താലൂക്ക് ഓഫിസിലെയും കാഞ്ചിയാർ വില്ലേജ് ഓഫിസിലെയും ഉദ്യോഗസ്ഥർക്കൊപ്പം കട്ടപ്പന പൊലീസുമുണ്ടായിരുന്നു. എന്നാൽ, സബ് കലക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞവർക്കെതിരെ കേസെടുക്കാൻ തയാറായിട്ടില്ല.
കട്ടപ്പന നഗരസഭ, ഉപ്പുതറ, കാഞ്ചിയാർ, പാമ്പാടുംപാറ, വണ്ടന്മേട്, നെടുങ്കണ്ടം പഞ്ചായത്തുകൾ പൂർണമായും ഏലപ്പാറ, അറക്കുളം പഞ്ചായത്തുകൾ ഭാഗികമായും ഉൾപ്പെടുന്ന രണ്ട് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാൻ കൊണ്ടുവന്ന പദ്ധതിയാണ് ഇതോടെ അവതാളത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.