കട്ടപ്പനയിൽ സ്ഥലം കൈയേറ്റം; കെ.എസ്.ഇ.ബിക്കെതിരെ നഗരസഭ കോടതിയിലേക്ക്
text_fieldsകട്ടപ്പന: നഗരസഭ വക സ്ഥലം കൈയേറി ട്രാൻസ്ഫോർമർ സ്ഥാപിച്ച കെ.എസ്.ഇ.ബിക്കും ഈ സ്ഥലം പാട്ടത്തിന് എടുത്തിരിക്കുന്ന സഹകരണ ആശുപത്രിക്കുമെതിരെ കോടതിയെ സമീപിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
സഹകരണ ആശുപത്രിക്ക് മുമ്പിൽ റോഡരികിലെ ട്രാൻസ്ഫോർമറിന് സമീപത്തായാണ് പുതിയതായി മറ്റൊരു ട്രാൻസ്ഫോമർ കൂടി സ്ഥാപിച്ചത്.
നഗരസഭ വക സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നീക്കം നടക്കുന്നെന്ന വിവരം അറിഞ്ഞ് കെ.എസ്.ഇ.ബി എൻജിനീയർക്ക് ജൂലൈയിൽ നഗരസഭ ചെയർപഴ്സൻ ഷൈനി സണ്ണി കത്ത് നൽകിയിരുന്നു. ഇക്കാര്യം ചെയർപെഴ്സൺ കൗൺസിലിൽ അറിയിച്ചു.
എന്നാൽ ഇത് അവഗണിച്ചാണ് കഴിഞ്ഞ 11ന് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. ഇതിനായുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന വിവരമറിഞ്ഞ് 11ന് കെ.എസ്.ഇ.ബിക്ക് നോട്ടീസ് നൽകിയിരുന്നു.
ഇത് തടയണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ കത്ത് പരിഗണിക്കാതെ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ സ്ഥാപിച്ചതോടെയാണ് വിഷയം ചർച്ച ചെയ്യാൻ കൗൺസിൽ യോഗം ചേർന്നതെന്ന് ചെയർപഴ്സൻ പറഞ്ഞു.
കൈയ്യേറ്റം തടയാൻ നടപടിയെടുക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. പാട്ടത്തിന് എടുത്ത സ്ഥലത്ത് നിർമാണ പ്രവർത്തനം നടത്തിയത് എൽ.ഡി.എഫ് ഭരണത്തിന്റെ ബലത്തിലാണെന്നും സ്ഥലം അളന്ന് തിരിക്കണമെന്നും കൗൺസിലർ സിജു ചക്കുംമൂട്ടിൽ ആവശ്യപ്പെട്ടു. സ്ഥലം സംരക്ഷിക്കാൻ നഗരസഭക്ക് സാധിക്കുന്നില്ലെന്നും 27 സെന്റ് സ്ഥലമുള്ളതിൽ പകുതിയിലധികവും ചിലർ കൈയ്യേറിയിരിക്കുകയാണെന്നും ബി.ജെ.പി അംഗം തങ്കച്ചൻ പുരയിടത്തിൽ കുറ്റപ്പെടുത്തി.
അനധികൃത നിർമാണത്തിനെതിരെ കോടതിയെ സമീപിക്കണമെന്ന് കൗൺസിലർ കെ.ജെ.ബെന്നി ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുന്നതിനൊപ്പം അടുത്ത സാമ്പത്തിക വർഷം പാട്ടക്കരാർ പുതുക്കി നൽകേണ്ടെന്നും സ്ഥലത്ത് ചിൽഡ്രൻസ് പാർക്ക് നിർമിക്കാൻ നടപടിയെടുക്കാനും തീരുമാനിച്ചതായി ചെയർപഴ്സൻ ഷൈനി സണ്ണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.