അപകട കെണിയായി ഇരട്ടയാർ ടണൽമുഖം
text_fields1. ഒഴുക്കിൽപെട്ട കുട്ടിയെ കെണ്ടത്താൻ അഞ്ചുരുളി ജലാശയ ഭാഗത്ത് വടംകെട്ടി രക്ഷാപ്രവർത്തനം നടത്തുന്നു 2. അപകടകരമായ ഇരട്ടയാർ ടണൽ മുഖം. ഇവിടെയാണ് കുട്ടികൾ ഒഴുക്കിൽപെട്ടത്
കട്ടപ്പന: ഇരട്ടയാർ ഡാമിന്റെ ടണൽ മുഖം അപകട കെണി. കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടത് രണ്ട് കുട്ടികൾ. ജലാശയത്തിലെ ഒഴുക്കിൽ തുരങ്ക മുഖത്ത് പെട്ടാൽ ജീവൻ രക്ഷിക്കുക അസാധ്യം.
ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്കിന് തടസ്സമുണ്ടാകാതിരിക്കാൻ ടണൽ മുഖത്തു ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലാശയത്തിലൂടെ ഒഴുകി എത്തുന്നവരെ തടയാനോ രക്ഷപ്പെടുത്തുവാനോ കഴിയില്ല. കളിക്കുന്നതിനിടെ ജലാശയത്തിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടു തുരങ്ക മുഖത്ത് എത്തിയ രണ്ടു കുട്ടികളാണ് ഇന്നലെ അപകടത്തിൽ പെട്ടത്.
കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ - രജിത ദമ്പതികളുടെ മകൻ അതുൽ പൊന്നപ്പനെ (അമ്പാടി -13)പരിസരവാസികൾ തുരങ്ക മുഖത്ത് നിന്ന് കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണാഘോഷത്തിനായി ഇരട്ടയാറിലെ അമ്മ വീട്ടിൽ എത്തിയതാണ് അതുൽ. ഉപ്പുതറയിൽ താമസിക്കുന്ന മൈലാടുംപാറ രതീഷ്-സൗമ്യ ദമ്പതികളുടെ മകൻ അസൗരേഷിനായി (അക്കു-12 ) പൊലീസും അഗ്നിരക്ഷാസേനയും ഡാമിൽ തിരച്ചിൽ തുടരുകയാണ്.
പിതാവിന്റെ കുടുംബവീട്ടിൽ ഓണാഘോഷത്തിന് എത്തിയതാണ് അസൗരേഷ്. മുൻപ് ജലാശയത്തിൽ അപകടത്തിൽപെട്ടു ഒഴുകി പോയവരുടെ മൃതദേഹം ഇടുക്കി ജലാശയത്തിലെ അഞ്ചുരുളി മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. അഞ്ചു കിലോ മീറ്റർ പാറക്കുള്ളിലെ തുരങ്കത്തിലൂടെ ഒഴുകിയാണ് ഇടുക്കി ജലാശയത്തിൽ പതിക്കുക. കാലവർഷ സമയത്തു പ്രളയജലത്തിൽ ഒഴുകി വന്ന തടികളും ചപ്പുചവറുകളും അടിഞ്ഞു ഇരട്ടയാർ തുരങ്കമുഖത്തെ ഇരുമ്പ് ഗ്രില്ല് ഭാഗികമായി അടയുക പതിവാണ്. ഇരട്ടയാർ ടണൽ മുഖത്ത് ഒരാൾ ഡ്യൂട്ടിയിലുണ്ട്. തുരങ്ക മുഖം അടയാതെ നോക്കുകയാണ് ഇയാളുടെ ചുമതല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.