ഇ.എസ്.ഐ ആശുപത്രി; സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കട്ടപ്പന നഗരസഭ കൈമാറും
text_fieldsകട്ടപ്പന: ഇ.എസ്.ഐ ആശുപത്രി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ കട്ടപ്പന നഗരസഭ തീരുമാനം. ജില്ലക്ക് ലഭിച്ച ഇ.എസ്.ഐ ആശുപത്രിക്ക് നഗരസഭയുടെ ഉടമസ്ഥതയിൽ വാഴവരയിലുള്ള നാലേക്കർ പട്ടയ ഭൂമിയും ബാക്കി കൈവശഭൂമിയും വിട്ടുനൽകാൻ ശനിയാഴ്ച നടന്ന കൗൺസിൽ യോഗം തീരുമാനമെടുത്തു.
ഉടമസ്ഥാവകാശം ഇ.എസ്.ഐക്ക് കൈമാറാനുള്ള അന്തിമ വിജ്ഞാപനത്തിന് നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ കോർപറേഷൻ നിർമാണ ഏജൻസിക്ക് പ്രവൃത്തി നൽകാൻ തുടർനടപടി സ്വീകരിക്കുമെന്നും 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നും മാർച്ചിൽ ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചിരുന്നു. എം.പിയുടെ ആവശ്യപ്രകാരം ഹൈറേഞ്ചിൽ ഇ.എസ്.ഐ തൊഴിലാളികളുടെയും ആശ്രിതരുടെയും എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായ കാര്യം അംഗീകരിച്ച് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്റെ ഇടപെടലിനെ തുടർന്നാണ് ജില്ലയിൽ ഉടൻ ഇ.എസ്.ഐ ആശുപത്രി നിർമിക്കാൻ നീക്കം തുടങ്ങിയത്. എന്നാൽ, സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടുകൾ നേരിട്ടതോടെയാണ് ആശുപത്രി കട്ടപ്പനയിൽ എത്തിക്കാൻ നീക്കവുമായി നഗരസഭ ഇടപെട്ടത്.
100 കിടക്കകളുള്ള ആശുപത്രി നഗരസഭ പരിധിയിൽ എത്തിക്കാൻ നടപടി വേണമെന്ന് മാർച്ചിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനമായത്. ഐ.എച്ച്.ആർ.ഡി കോളജിന് വാഴവരയിൽ നൽകിയ നൽകിയ നാലേക്കർ തിരികെയെടുത്ത് ആശുപത്രിക്ക് നൽകുന്ന കാര്യമാണ് അന്ന് കൗൺസിൽ യോഗം പരിഗണിച്ചത്. 2000ലാണ് സ്ഥലം ഐ.എച്ച്.ആർ.ഡിക്ക് വിട്ടുനൽകുന്നത്. 22 വർഷമായിട്ടും ഐ.എച്ച്.ആർ.ഡി കോളജ് നിർമാണത്തിന് നടപടിയെടുത്തില്ല. ഐ.എച്ച്.ആർ.ഡി.യിൽ വിദ്യാർഥികൾ കുറഞ്ഞ സാഹചര്യവുമുണ്ട്. സ്ഥലം നൽകിയില്ലെങ്കിൽ ജില്ലക്ക് ലഭിച്ച ഇ.എസ്.ഐ ആശുപത്രി നഷ്ടപ്പെടുമെന്ന അവസ്ഥയും ഉണ്ടാകും. ഐ.എച്ച്.ആർ.ഡിക്ക് വിട്ടുനൽകിയ നടപടി റദ്ദാക്കിയാണ് ആശുപത്രിക്ക് സ്ഥലം കൈമാറുക. പിന്നീട് ഐ.എച്ച്.ആർ.ഡി കോളജ് പണിയാൻ ആവശ്യമായ ഫണ്ട് കണ്ടെത്തിയാൽ പകരം സ്ഥലം കണ്ടെത്തി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.