കുടുംബത്തെ മാറ്റിപ്പാർപ്പിക്കാനായില്ല; ഇരുപതേക്കർ പാലം നിർമാണം അനിശ്ചിതത്വത്തിൽ
text_fieldsകട്ടപ്പന: സ്ഥലമേറ്റെടുത്ത് കുടുംബത്തെ മാറ്റി പാർപ്പിക്കാനാവാത്തതിനാൽ കട്ടപ്പന ഇരുപതേക്കർ പാലത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ. മലയോര ഹൈവേയുടെ രണ്ടാം റീച്ച് നിർമാണ പ്രവർത്തനം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. അതിൽ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള ഘട്ടത്തിൽ ഉൾപ്പെട്ടതാണ് ഇരുപതേക്കർ പാലം. നിർമാണത്തിന് ആവശ്യമായ നടപടിക്രമങ്ങളും കണക്കെടുപ്പുകളും നടന്നുവെങ്കിലും പാലം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു കുടുംബത്തെ മാറ്റി പാർപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനായി കുടുംബത്തിന് സ്ഥലം നഗരസഭ നൽകിയെങ്കിലും വീട് വെക്കാനുള്ള നടപടിക്രമങ്ങൾ വൈകുകയാണ്.
അതേസമയം, മലയോര ഹൈവേയുടെ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള ഘട്ടത്തിന്റെ നിർമാണ കാലാവധി പൂർത്തിയാകാറായതിനാൽ ഈ ഘട്ടത്തിൽ നിർമാണം അനിശ്ചിതത്വത്തിലാവുമെന്നാണ് സൂചന. മലയോര ഹൈവേയുടെ വികസന പ്രവർത്തനങ്ങളോട് നഗരസഭ കാണിക്കുന്ന മനോഭാവത്തിന്റെ ഭാഗമായി നടപടിക്രമങ്ങൾ വൈകിപ്പിച്ചുവെന്നാണ് പ്രതിപക്ഷാംഗങ്ങൾ ആരോപിക്കുന്നത്. കുടുംബത്തെ മാറ്റിപ്പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സത്വരമായി നടപ്പിലാക്കണമെന്ന് ഹൈവേ നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നഗരസഭ മന:പൂർവം ഇക്കാര്യങ്ങൾ വൈകിപ്പിക്കുകയും, ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലം നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിപക്ഷ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.