സ്കൂളിനകത്ത് ഓഫിസ് ജോലി; പുറത്ത് പച്ചക്കറി കൃഷി
text_fieldsകട്ടപ്പന: ഓഫിസിലെത്തി ജോലിചെയ്ത് വീട്ടിൽപ്പോകുക എന്നതിനപ്പുറം സ്വന്തം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാത്തവരെ ഇരുത്തിച്ചിന്തിപ്പിക്കുകയാണ് വെള്ളയാംകുടി സെന്‍റ് ജെറോംസ് എച്ച്.എസ്.എസിലെ ഓഫിസ് അസിസ്റ്റന്‍റ് റോബി പി.മാത്യു. സ്കൂൾ വളപ്പിൽ റോബി നട്ടുനനച്ച് വളർത്തുന്ന ജൈവ പച്ചക്കറിത്തോട്ടം ആരും നോക്കിനിന്നുപോകും. ബീൻസ്, കാബേജ്, പയർ, വഴുതന, തക്കാളി, ചീര, പച്ചമുളക്, ഉള്ളി തുടങ്ങിയവയെല്ലാം സ്‌കൂൾ വളപ്പിലെ കൃഷിയിടത്തിലുണ്ട്. സ്കൂൾ ഓഫിസിലെ തന്‍റെ ജോലി കൃത്യമായി ചെയ്തശേഷം കിട്ടുന്ന സമയങ്ങളിലാണ് പച്ചക്കറി കൃഷിക്കായി മാറ്റിവെക്കുന്നത്.
ജീവിതത്തിലെ ഒരുമിനിറ്റ് പോലും പാഴാക്കരുതെന്നാണ് റോബിയുടെ കാഴ്ചപ്പാട്. സ്‌കൂൾ വളപ്പിൽ വെറുതെ കിടന്ന നാലുസെന്‍റ് സ്ഥലം ജൈവ പച്ചക്കറി കൃഷിക്കായി തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ മുഴുവൻ പച്ചക്കറിയും ഈ തോട്ടത്തിൽനിന്നാണ്.
ചാണകവും പച്ചിലയും വളമാക്കി ജൈവ രീതിയിലാണ് കൃഷി. ചെമ്പരത്തികൊണ്ട് തോട്ടത്തിന് ജൈവ വേലിയും ഒരുക്കിയിട്ടുണ്ട്. കൃഷി നനക്കാനും മറ്റും വിദ്യാർഥികളും സഹായിക്കും. പയറിന്‍റെ മറ്റും വിത്തുകളും മറ്റിനങ്ങളുടെ തൈകളുമാണ് കൃഷിക്ക് ഉപയോഗിച്ചത്.
നാരകക്കാനം സ്വദേശിയായ റോബി രാവിലെ 7.45ഓടെ സ്‌കൂളിലെത്തും. മടങ്ങുമ്പോൾ വൈകീട്ട് 5. 45 ആകും. അതിനിടക്ക് കിട്ടുന്ന സമയം പൂർണമായി പച്ചക്കറി കൃഷിക്ക് വിനിയോഗിക്കും. സ്‌കൂളിലെ ജോലിക്കും പച്ചക്കറി കൃഷിക്കുമൊപ്പം പൂച്ചെടികൾ നട്ടുപിടുപ്പിച്ച് പരിപരിപാലിക്കാനും സമയം കണ്ടെത്തുന്നു. പൂർണ പിന്തുണയുമായി ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യനും സഹഅധ്യാപകരും ഒപ്പമുണ്ട്. സ്‌കൂളിലെ മറ്റ് പ്രവർത്തനങ്ങളിലും റോബി മുമ്പന്തിയിൽ ഉണ്ടാകും. കഴിഞ്ഞ ദിവസം സ്‌കൂളിൽ എത്തിയ കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫിസർ സെയ്തലവി മങ്ങാട്ടുപറമ്പനും ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടോമി ഫിലിപ്പും പച്ചക്കറിത്തോട്ടം സന്ദർശിക്കുകയും റോബിയുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും പിന്തുണയോടെ കൃഷി വിപുലീകരിക്കാനാണ് റോബിയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.