ഉപ്പുതറയിൽ കുടിവെള്ളം മുടങ്ങിയിട്ട് അഞ്ചുദിവസം: കോവിഡ് ബാധിതരടക്കം ദുരിതത്തിൽ
text_fieldsകട്ടപ്പന: പമ്പ് ഹൗസിലെ മോട്ടോർ കത്തിയതിനെത്തുടർന്ന് ഉപ്പുതറയിൽ അഞ്ചുദിവസമായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങി. കോവിഡ് സ്ഥിരീകരിച്ച് വീടുകളിൽ കഴിയുന്ന രാജീവ് ഗാന്ധി കോളനിയിലെ 40 പേർ ഉൾപ്പെടെ 3500 വരുന്ന ഗുണഭോക്താക്കൾക്കാണ് കുടിവെള്ളം മുടങ്ങിയത്. രാജീവ് ഗാന്ധി കോളനിയിലെ കോവിഡ് ബാധിതരടക്കം ദിവസങ്ങളായി നൂറുകണക്കിനാളുകൾ കുടിവെള്ളമില്ലാതെ വലയുകയാണ്.
ഒമ്പതേക്കർ പട്ടികജാതി കോളനി, ടൗണിലെ വ്യാപാരികൾ, സർക്കാർ-ബാങ്ക് ജീവനക്കാർ തുടങ്ങിയവരും വെള്ളമില്ലാതെ ബുദ്ധിമുട്ടിലാണ്. രാജീവ് ഗാന്ധി കോളനിയിൽ 40 പേരാണ് കോവിഡ് സ്ഥിരീകരിച്ച് വീടുകളിൽ കഴിയുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന ഇവരുടെ കുടുംബാംഗങ്ങളടക്കം ബുദ്ധിമുട്ടുകയാണ്.
ജാഗ്രതസമിതി പ്രവർത്തകർ എത്തിച്ചുകൊടുക്കുന്ന വെള്ളമാണ് ആശ്രയം. ഒമ്പതേക്കർ അടക്കം ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കിലോമീറ്ററുകൾ കുന്നിറങ്ങിയാണ് വെള്ളം ശേഖരിക്കുന്നത്. പ്രധാന പമ്പ് ഹൗസിലെയും ബൂസ്റ്റർ പമ്പ് ഹൗസുകളിലെയും മോട്ടോറും പമ്പ് സെറ്റുകളും തകരാറിലാകുന്നതും വിതരണ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നതും ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
50 വർഷം മുമ്പ് സ്ഥാപിച്ച ഉപകരണങ്ങളാണ് ഇപ്പോഴുമുള്ളത്. വർഷങ്ങളായി കുടിശ്ശിക കിട്ടാത്തതിനാൽ കരാർ ഏൽപിച്ചാലും വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താനോ മോട്ടോറും പമ്പുസെറ്റും നന്നാക്കാനോ കരാറുകാരും തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.