അഞ്ചുരുളിയിൽനിന്ന് വാരിയെടുത്തത് 300 ചാക്ക് മാലിന്യം
text_fieldsകട്ടപ്പന: അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ ഇടുക്കി ജലാശയത്തിൽനിന്ന് മൂന്നുദിവസങ്ങളിലായി ശേഖരിച്ചത് 300 ചാക്ക് മാലിന്യം. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗമാണ് ജലാശയത്തിൽ ശുചീകരണം നടത്തിയത്.
ഏറ്റവുമധികം മാലിന്യം ഒഴുകിയെത്തുന്നത് കട്ടപ്പന നഗരസഭ പരിധിയിലൂടെ ഒഴുകുന്ന കട്ടപ്പനയാറിൽ നിന്നാണ്. പ്രതിദിനം നൂറു ചാക്കുകളിലായി മാലിന്യം ശേഖരിച്ചു. ഇരട്ടയാർ ഡൈവേർഷൻ ഡാമിൽനിന്ന് ഇടുക്കി അണക്കെട്ടിൽ വെള്ളമെത്തുന്ന തുരങ്കം വഴിയും മാലിന്യമെത്തുന്നുണ്ട്. ഇതാദ്യമായാണ് ഡാം സേഫ്റ്റി വിഭാഗം ജലാശയം ശുചീകരിക്കുന്നത്. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ബുധനാഴ്ച രാവിലെ ആരംഭിച്ച മാലിന്യശേഖരണം വെള്ളിയാഴ്ച വൈകീട്ടോടെ അവസാനിച്ചു. വൃഷ്ടി പ്രദേശങ്ങളിൽ ഉൾപ്പെടെ മീറ്ററുകളോളം ദൂരത്തിൽ അടിഞ്ഞുകൂടിയ മാലിന്യം വള്ളത്തിലെത്തിയാണ് കരാർ തൊഴിലാളികൾ ശേഖരിച്ചത്. അഞ്ചുരുളി തുരങ്കമുഖത്തുനിന്ന് വെള്ളം പതിക്കുന്ന ഭാഗവും കട്ടപ്പനയാർ ഒഴുകിയെത്തുന്ന മേഖലയും ശുചീകരിച്ചു. പ്ലാസ്റ്റിക്, റബർ ഉൽപന്നങ്ങൾ, ചില്ല് കുപ്പികൾ തുടങ്ങിയവ തരംതിരിച്ച് ശേഖരിച്ചു. ഇവ കാഞ്ചിയാർ പഞ്ചായത്ത് ഹരിതകർമ സേനക്ക് കൈമാറി. ജലസ്രോതസുകളിൽ മാലിന്യം ഒഴുക്കുന്നത് തടയാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ബോധവൽകരണം നടത്തണമെന്നും ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കണമെന്നും കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗം അസി. എൻജിനിയർ രാഹുൽ രാജശേഖരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.