സർക്കാറും ടീ ബോർഡും അവഗണിക്കുന്നു; ജില്ലയിലെ തേയില കൃഷിക്ക് അഞ്ച് കോടിയുടെ നാശം
text_fieldsകട്ടപ്പന: വരൾച്ചയിൽ ജില്ലയിലെ തേയില കൃഷിക്ക് അഞ്ചുകോടിയുടെ നാശം. സർക്കാറും തേയില ബോർഡും അവഗണിക്കുന്നതായി ചെറുകിട തേയില കർഷകർ ആരോപിച്ചു.
കനത്ത വേനലിൽ ജില്ലയിലെ 25 ശതമാനം തേയില കൃഷിയും നശിച്ചിട്ടും കർഷകർക്ക് അവഗണനയാണെന്ന് ചെറുകിട തേയില കർഷകർ. വരൾച്ചയിൽ ജില്ലയിലെ 25 ശതമാനത്തിലേറെ തേയിലകൃഷി നശിച്ചിട്ടും ചെറുകിട തേയില കർഷകരോട് സർക്കാറും തേയില ബോർഡും കാണിക്കുന്നത് അവഗണനയാണ്.
ഇടനിലക്കാരുടെ ചൂഷണത്തെ തുടർന്ന് പച്ചക്കൊളുന്തിന് ന്യായവിലപോലും ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാറിന്റെ അനാസ്ഥ ഇരട്ടിപ്രഹരമാകുന്നു. നിലവിൽ തേയില പച്ചക്കൊളിന്തിനു 18 രൂപയാണ് കിലോഗ്രാമിന് കർഷകർക്ക് ലഭിക്കുന്നത്. വരൾച്ചയെ തുടർന്ന് 178 കോടിയുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. മന്ത്രിമാരുടെ സന്ദർശന വേളയിൽ ഏലം കൃഷിക്കുണ്ടായ നാശമാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്. എന്നാൽ, ചെറുകിട തേയില കർഷകരുടെ ദുരവസ്ഥ ചർച്ചയായില്ല. ജില്ലയിലെ ആയിരക്കണക്കിന് ചെറുകിട കർഷകരുടെ ഹെക്ടർ കണക്കിന് സ്ഥലത്തെ തേയിലകൃഷി കരിഞ്ഞുണങ്ങി. അഞ്ച് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷി നാശമുണ്ടായവർ ടീ ബോർഡിനെയും കൃഷി വകുപ്പിനെയും സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തേയിലയെ വ്യവസായത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ പറയുന്നു.
ഇനി റീപ്ലാൻറ് ചെയ്ത് ചെടികളിൽനിന്ന് കൊളുന്ത് ലഭിക്കണമെങ്കിൽ ആറുമാസത്തിലേറെ വേണ്ടിവരും. കാലവർഷം ശക്തിപ്രാപിക്കാത്തതും തിരിച്ചടിയാണ്. അതേസമയം, തമിഴ്നാട്ടിൽനിന്നുള്ള വൻകിടക്കാർ ജില്ലയിലെ ഫാക്ടറികളിൽ കൊളുന്ത് ഇറക്കുമതി ചെയ്ത് ലാഭം കൊയ്യുന്നു. ഊട്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് എത്തിക്കുന്നത് നിലവാരം കുറഞ്ഞ കൊളുന്താണ്. കാലാവസ്ഥ വ്യതിയാനവും വിലയിടിവുംമൂലം ജില്ലയിലെ തേയില ഉൽപാദനം ഗണ്യമായി കുറഞ്ഞെങ്കിലും വില ഉയരാതെ നിൽക്കുന്നത് തോട്ടം ഉടമകളുടെയും ഏജന്റുമാരുടെയും കള്ളക്കളികൾ മൂലമാണ്. നടപടി എടുക്കേണ്ട തേയില ബോർഡ് ആകട്ടെ തോട്ടമുടമകളെ സഹായിക്കുന്ന സമീപനമാണ് എപ്പോഴും സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.