മലയോര ഹൈവേ നിർമാണം: കെട്ടിട ഉടമകൾക്ക് നോട്ടീസ്
text_fieldsകട്ടപ്പന: മലയോര ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മാട്ടുക്കട്ടയിലെ കെട്ടിടങ്ങൾ വാടകക്കാരെ ഒഴിപ്പിച്ച് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.
കെട്ടിടങ്ങൾ കൈവശം വെച്ചിരിക്കുന്ന 14 പേർക്കാണ് നോട്ടീസ് നൽകിയത്. കട്ടപ്പന-കുട്ടിക്കാനം പാതയിൽ മാട്ടുക്കട്ട ടൗണിനും ആനക്കുഴി റോഡിനും മധ്യേ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലെ സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്.
കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ഏഴുദിവസത്തിനകം വാടകക്കാരെ ഒഴിപ്പിച്ച് കെട്ടിടങ്ങൾ പൊളിക്കാൻ നോട്ടീസ് നൽകിയത്.
ചിലർ നോട്ടീസ് കൈപ്പറ്റാൻ തയാറാകാതെ വന്നതോടെ അവ കെട്ടിടത്തിൽ പതിപ്പിച്ചു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാണിക്കവഞ്ചി, കുരിശടി എന്നിവ നീക്കാൻ ബന്ധപ്പെട്ട ഭാരവാഹികൾക്കും നോട്ടീസ് നൽകി. സി.പി.എമ്മും ബി.ജെ.പിയും സ്ഥാപിച്ചിരിക്കുന്ന കാത്തിരിപ്പ് കേന്ദ്രങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിനും നോട്ടീസ് നൽകി.
അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൾ ജോൺസൻ, പഞ്ചായത്ത് അംഗങ്ങളായ സുമോദ് ജോസഫ്, എം.എസ്. സിജിമോൾ, സോണിയ മാത്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘമാണ് നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.