പുലിയോ, കടുവയോ?; ഇടിഞ്ഞമല നിവാസികൾ ഭീതിയിൽ
text_fieldsകട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല മേഖലയിൽ പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. ഇടിഞ്ഞ മലയിൽ കണ്ടത് പുലിയാണോ കടുവയാണോ എന്നതിന് സ്ഥിരീകരണമില്ല. മുമ്പ് വാഴവരയിൽ പുലിയാണെന്ന് സംശയിച്ച ജീവി കുളത്തിൽ വീണ് ചത്തപ്പോഴാണ് കടുവയാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വാത്തിക്കുടിയിൽ കണ്ട പുലിയുടേതിന് സമാനമായ കാൽപാടുകളാണ് ഇടിഞ്ഞ മലയിലും വനം വകുപ്പ് കണ്ടെത്തിയത്. അതിനാൽ പുലിയെന്ന് സംശയിക്കുന്ന ജീവി ഇടിഞ്ഞമല, ഇരട്ടയാർ മേഖലകളിലേക്ക് കടന്നതായി കരുതുന്നു.
പോത്തിന് തീറ്റകൊടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ഇടിഞ്ഞമല വെച്ചൂർ ഹരികൃഷ്ണൻ വീടിന് മുന്നിൽവെച്ച് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടിരുന്നു. ഏലത്തോട്ടത്തിൽനിന്ന് ഇറങ്ങി അടുത്തേക്ക് വന്ന ജീവി മരക്കമ്പ് വീശിയപ്പോൾ സമീപത്തെ ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയതായി ഹരികൃഷ്ണൻ പറയുന്നു.
സമീപവാസി കലുങ്കൽ സുകുമാരന്റെ കൃഷിയിടത്തിൽ പുലിയുടെ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് വനപാലകരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ഇടിഞ്ഞമലയിൽ കണ്ട കാൽപാടുകൾ വാത്തിക്കുടിയിൽ കണ്ട വന്യജീവിയുടേതിന് സമാനമാണെന്ന് അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസർ എസ്. കണ്ണൻ പറഞ്ഞു. ഇതോടെ വാത്തിക്കുടിയിൽ നിരീക്ഷണം നടത്തിയിരുന്ന പട്രോളിങ് സംഘത്തെ ഇടിഞ്ഞമലയിലേക്ക് മാറ്റാനാണ് ശ്രമം. എന്നാൽ, കാമറകൾ തൽക്കാലം വാത്തിക്കുടിയിൽനിന്ന് മാറ്റില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.