സാഹസിക സഞ്ചാരികളുടെ സ്വപ്നഭൂമി; കരടിപ്പാറ മാടിവിളിക്കുന്നു
text_fieldsകട്ടപ്പന: സാഹസിക വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയാണ് കരടിപ്പാറ. ഇടുക്കി വന്യജീവി സങ്കേതത്തിൽ കട്ടപ്പനക്ക് സമീപം അഞ്ചുരുളിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് കരടിപ്പാറ. പേഴുംകണ്ടത്തുനിന്ന് വനത്തിലെ ഒറ്റയടിപ്പാതയിലൂടെ രണ്ട് കിലോമീറ്റർ നടന്നാൽ കരടിപ്പാറ ട്രക്കിങ് സ്പോട്ടിലെത്താം. പ്രകൃതി സഞ്ചാരികൾക്കുവേണ്ടി ഒരുക്കിയ ഈ മനോഹരതീരത്ത് ഒരിക്കലെത്തിയാൽ മടങ്ങിപ്പോകാൻ മടിയായിരിക്കും. അത്ര പ്രകൃതി സുന്ദരമാണിവിടം. ഇവിടം സിനിമാക്കാരുെട ഇഷ്ടയിടമാണ്. കരടിപ്പാറയിലെ കൂറ്റൻഗുഹയും അടുത്തടുത്തുള്ള മൂന്ന് വെള്ളച്ചാട്ടവും പ്രകൃതി ഒരുക്കിയ കാണാക്കാഴ്ചകളും സഞ്ചാരികളെ വിസ്മയലോകത്തെത്തിക്കും.ട്രക്കിങ്ങിന് പോകുന്നവർക്ക് പേഴുംകണ്ടത്തുനിന്ന് രണ്ട് കിലോമീറ്റർ വനത്തിലൂടെ നടന്നാൽ കരടിപ്പാറയിലെത്താം. പാറക്കെട്ടുകൾ നിറഞ്ഞ ഈ സ്ഥലത്തുനിന്ന് കരിമ്പാറകൾ ജലാശയത്തിലേക്ക് ഉർന്നിറങ്ങിക്കിടക്കു
ന്ന കാഴ്ചതന്നെ മനോഹരമാണ്. വർഷത്തിൽ മൂന്ന് മാസം ഈ സ്ഥലം വെള്ളം കയറിക്കിടക്കുന്നതുമൂലം കാണാമറയത്താണ്. ജലാശയത്തിലെ ജലനിരപ്പ് താഴുമ്പോഴാണ് ദൃശ്യം ടൂറിസ്റ്റുകൾക്ക് മുന്നിൽ അനാവരണം ചെയ്യൂ. കരടിപ്പാറയിലെ പാറക്കെട്ടുകൾക്ക് മുകളിൽ ഇടുക്കി അണക്കെട്ടിന്റെ വിദൂരഭംഗി ആസ്വദിച്ചു മതിമറന്നിരിക്കാം. പാറക്കെട്ടിനു മുകളിൽ കൂടി അൽപം ശ്രദ്ധയോടെ ഇറങ്ങി ചെല്ലുന്നത് ഒരു വിടവിലേക്കാണ്. അവിടെനിന്ന് ഇഴഞ്ഞുനീങ്ങി പാറക്കെട്ടുകളുടെ മധ്യഭാഗത്ത് എത്തിപ്പെടാം. ഒരു ഗുഹയുടെ കവാടം ആദ്യം അനാവൃതമാകും. വൃക്ഷങ്ങളുടെ വേരുകളാൽ താങ്ങിനിർത്തി പാറകൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന കാഴ്ച വേറിട്ടതാണ്. ഗുഹ കവാടത്തിനുള്ളിലേക്ക് മഴയത്തുപോലും ഒരിറ്റു വെള്ളം ഉള്ളിൽ വരാത്ത രീതിയിലാണ് പ്രകൃതിയുടെ രൂപകൽപന. കരടിഗുഹ എന്നറിയപ്പെടുന്ന ഇവിടേക്ക് അധികമാരും വരാറില്ല. ഇരുൾ നിറഞ്ഞ ഈ ഗുഹ പണ്ട് കരടിയുടെ വാസകേന്ദ്രമായിരുന്നെന്നാണ് ആദിവാസികൾ പറയുന്നത്.
ഗുഹയിൽ നിന്നിറങ്ങി മറുവശത്തേക്ക് പോയാൽ മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമാണ്. ഒന്നാം അരുവി, രണ്ടാം അരുവി ,മൂന്നാം അരുവി എന്നിങ്ങനെ മൂന്ന് നീർചാലുകകളിലായി മൂന്ന് ജലപാതങ്ങൾ. വെള്ളം പതിക്കുന്നതും പാറകളിൽ ചിന്നിച്ചിതറി ജലബാഷ്പങ്ങളിൽ മഴവില്ല് വിരിയുന്നതും അതിമനോഹരം. താൽപര്യമുള്ളവർക്ക് രണ്ടാം അരുവിയിൽ നീരാട്ടും നടത്താം. മറ്റുള്ളവ ജലാശയത്തിലേക്ക് നേരിട്ട് പതിക്കുന്നതിനാൽ അവ അപകടരമാണ്. തടാകത്തിന്റെ വശം ചേർന്ന് വീണ്ടും നടന്നാൽ എത്തിപ്പെടുന്നത് അഞ്ചുരുളി മുനമ്പിലാണ്.
മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട് തടാകത്തിലേക്ക് ഇറങ്ങി കിടക്കുന്നു ഇവിടം ഒരു കൊച്ചു പാർക്കിനെയാണ് അനുസ്മരിക്കുന്നത്. പ്രകൃതി സ്വയം തീർത്ത കാഴ്ചയുടെ വിസ്മയതീരമാണ് ഈ പാർക്ക്. വിശാലമായ ഇരിപ്പിടവും കിടക്കയുമെല്ലാം കല്ലിൽതീർത്ത കൗതുകങ്ങളാണ്. ഇടുക്കിയുടെ പറുദീസ എന്നുവിശേഷിപ്പിക്കാവുന്ന സ്ഥലം കൂടിയാണിത്. കല്യാണത്തണ്ട് മലഞ്ചരുവിൽ വെള്ളിവരപോലെ ദൂരെ അഞ്ചുരുളി വെള്ളച്ചാട്ടം കാണാം. കാഴ്ചകളോടൊപ്പം ഇവിടെ അപകടവും പതിയിരിക്കുന്നു. ജലാശയത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. വനം വകുപ്പിന്റെ അനുമതിവേണം ഇവിടെയെത്താൻ. അഞ്ചുരളി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്നവർക്ക് കരടിപ്പാറയിലെത്താൻ വനസംരക്ഷണ സമിതി സൗകര്യം ഒരുക്കും. മഴക്കാലം കഴിഞ്ഞിട്ടുള്ള യാത്രയാണ് സുരക്ഷിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.