കറുവാക്കുളത്തെ അനധികൃത പാറമടകളിൽ പരിശോധന; ഒരുമാസത്തിനിടെ പൊട്ടിച്ചുകടത്തിയത് 1300 ലോഡിലധികം പാറ
text_fieldsകട്ടപ്പന: കറുവാക്കുളത്തെ അനധികൃത പാറമടകളിൽ മൈനിങ് ആൻറ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും സംയുക്ത പരിശോധന നടത്തി. ഒരു മാസത്തിനിടെ 1300 ലോഡിലധികം പാറ പൊട്ടിച്ചു കടത്തിയതായി പരിശോധനയിൽ കണ്ടെത്തി. പാറമടകളിൽ നിന്ന് കരിങ്കല്ല് പൊട്ടിച്ചുകടത്തിയത് സംബന്ധിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകിയ റിപ്പോർട്ടിൽ ജില്ല കലക്ടറുടെ നടപടി വൈകിയിരുന്നു. ഖനനം നടത്തിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ റവന്യൂ വകുപ്പ് കൈമാറാത്തതിനാൽ ഉടമകൾക്കെതിരെ നടപടിയെടുക്കാനാകാതെ മൈനിങ് ആൻറ് ജിയോളജി വകുപ്പ് വിഷമിക്കുകയായിരുന്നു. ഇതോടെയാണ് ഖനനം നടന്ന സ്ഥലത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് ഇരുവകുപ്പും സംയുക്ത പരിശോധന നടത്തിയത്. കട്ടപ്പനക്ക് സമീപം കറുവാക്കുളത്ത് മാത്രം മൂന്ന് പാറമടകളാണ് അനധികൃതമായി പ്രവർത്തിച്ചിരുന്നത്. മൈനിങ് ആൻറ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പാറമടകൾ പ്രവർത്തനം നടത്തുന്നത് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്. ഒരുമാസത്തിനിടെ 1300 ലോഡിലധികം പാറ പൊട്ടിച്ച് കടത്തിയതായി പരിശോധനയിൽ വ്യക്തമായി. സർക്കാറിന് റോയൽറ്റി ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടെ മാത്രം ഉണ്ടായത്.
അനധികൃത പാറമടകൾക്കെതിരെ നടപടിയെടുക്കാൻ ഭൂമിയുടെ ഉടമസ്ഥൻ ആരെന്ന് കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് മൈനിങ് ആൻറ് ജിയോളജി വകുപ്പ് ജില്ല കലക്ടറുടെ ഓഫിസിന് പലതവണ കത്ത് നൽകിയിരുന്നു. എന്നാൽ മാസം പലത് കഴിഞ്ഞിട്ടും ഇതിന് മറുപടി നൽകിയിട്ടില്ല. ഇരുവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ ഏലകൃഷിക്കായി പാട്ടത്തിന് നൽകിയ കുത്തകപ്പാട്ട ഭൂമിയിലാണ് കറുവാക്കുളത്തെ പാറമടകളിലൊന്ന് പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് രണ്ടെണ്ണം സർക്കാർ ഭൂമിയിലാണെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയിൽ വിവധ ഭാഗത്ത് അനധികൃതമായി പ്രവർത്തിക്കുന്ന 30ലധികം പാറമടകളുടെ ഭൂമി സംബന്ധിച്ച രേഖകൾ മൈനിങ് ആൻറ് ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിൽ 20 എണ്ണം തങ്കമണി, ഉപ്പുതോട് വില്ലേജുകളിലാണ്.
പട്ടയ വ്യവസ്ഥ ലംഘിച്ച് പാറ ഖനനം നടത്തിയാൽ റവന്യൂ വകുപ്പിന് കേസെടുക്കാനാകും. എന്നാൽ പാറമട ലോബിയുടെ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി റവന്യൂ വകുപ്പ് ഇതിന് നേരെ കണ്ണടക്കുകയാണ് പതിവ്. അഥവാ നടപടി എടുത്താലും നാമമാത്ര നടപടികളാണ് സ്വീകരിക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞ് മുമ്പത്തേക്കാളും ശക്തിയായി കരിങ്കല്ല് പൊട്ടിച്ചുകടത്താൻ തുടങ്ങും. പാറ മട- ഉദ്യോഗസ്ഥ ലോബികൾ തമ്മിലുള്ള രഹസ്യ ബന്ധങ്ങളാണ് ഇടുക്കിയിൽ അനധികൃത പാറമട ഖനനത്തിന് ചുക്കാൻ പിടിക്കുന്നത്. കറുവാക്കുളത്ത് നടന്ന പരിശോധനക്ക് റവന്യൂ വകുപ്പ് ഇടുക്കി ഭൂരേഖ തഹസിൽദാർ മിനി കെ. ജോൺ, മൈനിങ് ആൻറ് ജിയോളജി വകുപ്പ് അസി. ജിയോളജിസ്റ്റ് ശബരി ലാൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.