കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം: ദുരൂഹത നീക്കാനാകാതെ പൊലീസ്
text_fieldsകട്ടപ്പന: മലഞ്ചരക്ക് വ്യാപാരിയുടെ ഭാര്യയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാകാെത പൊലീസ്. കൊച്ചുതോവാള എസ്.എന്‍ ജങ്ഷനില്‍ താമസിക്കുന്ന കൊച്ചുപുരക്കല്‍ ജോര്‍ജിെൻറ ഭാര്യ ചിന്നമ്മയുടെ (60) മരണമാണ് പൊലീസിന് തലവേദനയായത്. വ്യാഴാഴ്ച പുലര്‍ച്ചയാണ് ചിന്നമ്മയെ മരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തിയത്.
മുകളിലെ നിലയില്‍ ഉറങ്ങിയിരുന്ന ജോർജ് പുലർച്ച നാലരക്ക് എഴുന്നേറ്റ് താഴത്തെ നിലയിലെത്തിയപ്പോഴാണ് ചിന്നമ്മയെ മുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും മരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു. ചിന്നമ്മ പ്രമേഹം അടക്കം രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായാണ് ബന്ധുക്കളില്‍നിന്ന് ലഭിക്കുന്ന വിവരം. ശരീരത്തില്‍ കിടന്ന നാലുപവനോളം ആഭരണം നഷ്ടമായിട്ടുണ്ടെന്നും മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. മാലയും വളയുമാണ് കാണാതായത്. എന്നാല്‍, കാതില്‍ കമ്മലുണ്ടായിരുന്നു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ വിശദ റിപ്പോർട്ട് തയാറാക്കൂ. മരിച്ച ചിന്നമ്മയുടെ മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ കണ്ടെത്തിയിട്ടില്ല. മുഖത്ത് രക്തം കണ്ടെത്തിയിരുന്നെങ്കിലും ഇത് മുറിവില്‍നിന്നുണ്ടായതല്ലെന്നാണ് നിഗമനം. എന്നാല്‍, വീടിെൻറ പിന്‍ഭാഗത്തെ വാതില്‍ തുറന്നുകിടന്നത് ദുരൂഹതക്ക് ഇടയാക്കുന്നു. രോഗത്തെത്തുടര്‍ന്ന് തളര്‍ന്നുവീണ് മരണപ്പെട്ടതാണോ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച തൃശൂരില്‍ മകളുടെ വീട്ടിലേക്ക് പോകാനിരിക്കെയാണ് രാവിലെ ചിന്നമ്മയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. സ്വര്‍ണം അണിയുന്ന ശീലമുണ്ടായിരുന്നതിനാലാണ് കൊലപാതക സാധ്യതയിലേക്ക് സംശയം നീണ്ടത്. രാത്രിയിൽ ശബ്ദമോ ബഹളമോ കേൾക്കാഞ്ഞതും മൽപിടിത്തത്തിെൻറ ലക്ഷണങ്ങളില്ലാത്തതും പൊലീസിനെ കുഴപ്പിക്കുന്നു. പെണ്‍മക്കളില്‍ രണ്ടുപേര്‍ ആസ്ട്രേലിയയിലും ഒരാള്‍ കോട്ടയത്തും ഒരാള്‍ തൃശൂരിലുമാണ് താമസം. ചിന്നമ്മയും ഭര്‍ത്താവ് ജോര്‍ജും മാത്രമാണ് കട്ടപ്പനയിലെ വീട്ടില്‍ താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.