കട്ടപ്പന ടൗൺഷിപ്; നടപടി വേഗത്തിലാക്കാൻ സർവേ ടീം
text_fieldsകട്ടപ്പന: കട്ടപ്പന ടൗൺഷിപ് നിർമാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സർവേ ടീമിനെ നിയോഗിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ. നിർദിഷ്ട സൈറ്റ് സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി നിയോഗിച്ച സർവേ ടീം അംഗങ്ങൾ, കട്ടപ്പന ലാൻഡ് അക്യുസിഷൻ തഹസിൽദാർ എന്നിവരുമായി മന്ത്രി ചർച്ച നടത്തിയശേഷമായിരുന്നു പ്രതികരണം.
സർവേ രേഖകളിൽ ടൗൺഷിപ്പായി രേഖപ്പെടുത്തിയതുകാരണം ദീർഘകാലമായി പതിവ് നടപടി തടസ്സപ്പെട്ടുകിടന്ന സ്ഥലങ്ങളിൽ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്ന വിഷയം പട്ടയ മിഷന്റെ ഭാഗമായി സർക്കാർ പരിഗണിച്ചിരുന്നതാണ്. റവന്യൂ റെക്കോഡുകളുടെ പരിശോധനയും ആധുനിക സർവേ സംവിധാനമായ ആർ.ടി.കെ മെഷീൻ ഉപയോഗിച്ചുള്ള സർവേ നടപടികളും ആരംഭിച്ചുകഴിഞ്ഞു. മൂന്നു ബ്ലോക്കുകളായി ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്ത് നിലവിൽ രണ്ട് ബ്ലോക്കുകളുടെ സർവേ നടപടി അന്തിമഘട്ടത്തിലാണ്.
359 കൈവശഭൂമികൾ സർവേ ചെയ്തു കഴിഞ്ഞു. 219 കൈവശങ്ങളിൽ തുടർനടപടി സ്വീകരിച്ചുവരുന്നു. നവംബറിൽതന്നെ അവ പൂർത്തീകരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മൂന്ന് ചെയിൻ, കല്ലാർകുട്ടി ഡാമിന്റെ 10 ചെയിൻ, ചെങ്കുളം ഡാമിന്റെ 30 ചെയിൻ എന്നീ പ്രദേശങ്ങളിലെ കൈവശക്കാരുടെ വിവരങ്ങൾ ഉറപ്പുവരുത്തി തുടർ നടപടി സ്വീകരിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നൽകിയ നിർദേശപ്രകാരം സർവേ നടപടി ആരംഭിച്ചു കഴിഞ്ഞു.
ഇടുക്കി കഞ്ഞിക്കുഴി, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം എന്നീ വില്ലേജുകളിലെ പതിവ് നടപടി തുടരുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.