‘കുഴിയടക്കാതെ വോട്ടില്ല’; ബോർഡ് സ്ഥാപിച്ച് പ്രദേശവാസികൾ
text_fieldsകട്ടപ്പന: റോഡിലെ കുഴിയടക്കാനുള്ള ഫണ്ട് അനുവദിക്കാത്ത മെംബർമാരും രാഷ്ട്രീയ പാർട്ടി അംഗങ്ങളും വോട്ട് ചോദിച്ചു വരേണ്ടതില്ലെന്ന് വ്യക്തമാക്കി കൊങ്ങിണിപടിയിൽ നാട്ടുകാർ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. കട്ടപ്പന നഗരസഭയിലെ മൂന്ന്, നാല് വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന കൊങ്ങിണിപ്പടവ്-തൂങ്കുഴിപടി-ട്രാൻസ്ഫോമർപടി റോഡ് നന്നാക്കാത്ത ജനപ്രതിനിധികളോപാർട്ടി അംഗങ്ങളോ വോട്ട് ചോദിച്ചു വരേണ്ടതില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എം.എൽ.എയോടും ഇരു വാർഡിലെ കൗൺസിലർമാരോടും പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കാൻ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരമുള്ള റോഡിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡിന്റെ ഒന്നര കിലോമീറ്റർ ദൂരമാണ് മുമ്പ് ടാർ ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഭാഗം ഇപ്പോഴും മൺപാതയായി കിടക്കുകയാണ്. ടാർ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ അവിടമെല്ലാം പൊളിഞ്ഞ് മെറ്റൽ ഇളകിക്കിടക്കുകയാണ്. റോഡ് നന്നാക്കണമെന്ന് അടക്കമുള്ളവരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് സമയത്ത് പ്രതിഷേധ സൂചകമായി ഫ്ലക്സ് ബോർഡ് സ്ഥാപിക്കാൻ നാട്ടുകാർ നിർബന്ധിതരായത്.
പ്രദേശത്തെ കുട്ടികൾ യാത്രക്കായി ഉപയോഗിക്കുന്ന സ്കൂൾ ബസുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡ് നന്നാക്കിയില്ലെങ്കിൽ അടുത്ത അധ്യയനവർഷം മുതൽ ബസുകൾ വരാത്ത സ്ഥിതിയാകും. യാത്രദുരിതം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി കട്ടപ്പന കൊങ്ങിണിപ്പട വിലെ നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.