തടസ്സവുമായി കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗം; വെള്ളിലാംകണ്ടം കുഴൽപാലം നവീകരണം ത്രിശങ്കുവിൽ
text_fieldsകട്ടപ്പന: കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗം തടസ്സവുമായി രംഗത്തുവന്നതോടെ വെള്ളിലാംകണ്ടം കുഴൽപാലം നവീകരിക്കാനുള്ള നീക്കം അവതാളത്തിൽ. കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ ഇടുക്കി ജലാശയത്തിന് കുറുകെ വെള്ളിലാംകണ്ടം ഭാഗത്തെ കുഴൽപാലം നവീകരിക്കാനുള്ള നീക്കത്തിനാണ് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗം തടസ്സം നിൽക്കുന്നത്.
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഇവിടെ മണ്ണിളക്കിയുള്ള നിർമാണങ്ങൾ നടത്താൻ പാടില്ലെന്നാണ് ഡാം സേഫ്റ്റി വിഭാഗം പറയുന്നത്.
ഇടുക്കി ഡാമിന്റെ നിർമാണ ഘട്ടത്തിൽ 1978-79ൽ 20 മീറ്റർ വ്യാസത്തിലുള്ള കോൺക്രീറ്റ് ചുരുളുകൾ തയാറാക്കി അത് കുഴൽ രൂപത്തിലാക്കി റോഡിന് കുറുകെ സ്ഥാപിച്ചശേഷം അതിനു മുകളിൽ മണ്ണിട്ടാണ് കട്ടപ്പന-കുട്ടിക്കാനം പാത വെള്ളിലാംകണ്ടത്ത് നിർമിച്ചത്. ഇടുക്കി പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തശേഷം പാതക്കുള്ള ഭാഗം പൊതുമരാമത്ത് വകുപ്പിന് കൈമാറിയതിന്റെ രേഖകൾ വകുപ്പിലുണ്ട്. ഈ പാലം വീതികൂട്ടി നിർമിക്കാൻ കിഫ്ബി നടപടിയെടുത്തിരിക്കെയാണ് ഡാം സേഫ്റ്റി വിഭാഗം തടസ്സവാദവുമായി രംഗത്തുവന്നത്. കട്ടപ്പന മുതൽ ചപ്പാത്ത് വരെ മലയോര ഹൈവേയുമായി ബന്ധപ്പെട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആവശ്യമായ സ്ഥലങ്ങളിലെല്ലാം കലുങ്കുകൾ നിർമിക്കുന്ന ജോലികളാണ് നടക്കുന്നത്.
കുഴൽപാലത്തിന്റെ ഭാഗത്ത് വീതികൂട്ടി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനു മുന്നോടിയായി ഇരുവശത്തും നിന്ന മരങ്ങൾ വെട്ടിനീക്കി. അതിനിടെയാണ് തടസ്സവാദം ഉയർന്നത്. ഇതേ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യം മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവരുടെ ശ്രദ്ധയിൽപെടുത്തുകയും യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ബോർഡ് യോഗം ചേർന്ന് തീരുമാനം അറിയിക്കാമെന്നാണ് വൈദ്യുതി വകുപ്പിന്റെ നിലപാട്. അതിനാൽ ഈ ഭാഗത്തു നിർമാണ പ്രവർത്തനം നീണ്ടുപോകുകയാണ്. കുഴൽപാലത്തിന്റെ ഇരുവശത്തും സുരക്ഷാഭിത്തി നിർമിച്ചു റോഡ് ബലപ്പെടുത്താനാണ് കിഫ്ബി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.