ഡോക്ടർമാർ കുറവ്; കട്ടപ്പന താലൂക്ക് ആശുപത്രിയിൽ രോഗികൾ വലയുന്നു
text_fieldsകട്ടപ്പന: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവും അടിസ്ഥാന അപര്യാപ്തതയും രോഗികളെ വലക്കുന്നു. കട്ടപ്പനയിലെയും സമീപ പഞ്ചായത്തുകളിലെയും നൂറുകണക്കിന് സാധാരണക്കാരാണ് ദിവസവും ഇവിടെ ചികിത്സക്കെത്തുന്നത്.
12 ഡോക്ടർമാർ സേവനമനുഷ്ഠിച്ചിരുന്ന ഇവിടെ നിലവിൽ ഇതിന്റെ പകുതി മാത്രമേയുള്ളൂ. ഞായറാഴ്ചകളിൽപോലും തിരക്ക് അനുഭവപ്പെടുന്ന ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനൊപ്പം ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള ഗൈനക്കോളജി ഡോക്ടറുടെ സേവനം എല്ലാ ദിവസം ലഭ്യമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ആശുപത്രിക്ക് പുതിയ കെട്ടിടത്തിനായി കിഫ്ബി ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റുകയോ മറ്റൊരു സ്ഥലം കണ്ടെത്തുകയോ ചെയ്യാത്തതിനാൽ പണി ആരംഭിച്ചിട്ടില്ല. ആശുപത്രിയുടെ എതിർവശം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പേ ആൻഡ് പാർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല.
ആശുപത്രിക്കായി അനുവദിച്ച ഐ.സി.യു ആംബുലൻസിലെ നഴ്സ് പോയ ഒഴിവിൽ പകരം ആളെ നിയമിച്ചിട്ടില്ല. ഉപയോഗിക്കാതിരുന്നാൽ ലക്ഷങ്ങൾ മുടക്കിയ ഐ.സി.യു, എൻ.ഐ.സി.യു ഉപകരണങ്ങളും വാഹനവും നശിച്ചുപോകാൻ സാധ്യതയുണ്ട്. രണ്ട് ആംബുലൻസുള്ള ആശുപത്രിയിൽ ഒരു ഡ്രൈവറെക്കൂടി നിയമിക്കേണ്ടതും അത്യാവശ്യമാണ്. ആശുപത്രിയിൽ മതിയായ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന വികസന ഫോറം നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സന് നിവേദനം നൽകി. പ്രസിഡന്റ് ജെയ്ബി ജോസഫ്, സെക്രട്ടറി സുമിത് മാത്യു, ജനറൽ കൺവീനർ എം.സി. ബോബൻ, കൺവീനർമാരായ വിപിൻ വിജയൻ, എസ്. സൂര്യലാൽ, അനിൽകുമാർ എസ്. നായർ തുടങ്ങിയവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.