ഏലം കുത്തകപ്പാട്ട ഭൂമിയിലെ പാറമട ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ
text_fieldsകട്ടപ്പന: കറുവാക്കുളത്ത് ഏലം കുത്തകപ്പാട്ട ഭൂമിയിൽ പ്രവർത്തിക്കുന്ന അനധികൃത പാറമട ഉരുൾപൊട്ടൽ സാധ്യത മേഖലയോട് ചേർന്ന പ്രദേശത്താണെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. സെപ്റ്റംബർ 13ന് വകുപ്പിലെ ജിയോളജിസ്റ്റ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (കെ.എസ്.ഡി.എം.എ) ഉരുൾ പൊട്ടൽ സാധ്യത മാപ്പിലെ ഓറഞ്ച് സോണിനോട് ചേർന്ന് വരുന്ന പ്രദേശത്താണ് കറുവാക്കുളത്തെ പാറമട പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മൈനിങ് ആൻഡ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും പലതവണ നൽകിയ നിരോധന ഉത്തരവ് മറികടന്നാണ് പാറമട പ്രവർത്തിക്കുന്നത്. ദിവസേ 100 ലോഡിലധികം പാറയാണ് ഇവിടെ നിന്ന് കടത്തുന്നത്. ആഗസ്റ്റ് ഒമ്പതിന് ജിയോളജിസ്റ്റ് നൽകിയ മറ്റൊരു റിപ്പോർട്ടിൽ കറുവക്കുളം-മാലി റോഡിൽനിന്ന് സ്വകാര്യ എസ്റ്റേറ്റിലേക്ക് പോകുന്ന റോഡിൽ 100 മീറ്റർ വടക്ക് ഭാഗത്തു രണ്ട് സ്ഥലത്തും അവിടെ നിന്ന് 100 മീറ്റർ മാറി മറ്റൊരു സ്ഥലത്തും നിന്ന് പാറ ഖനനം ചെയ്തു കടത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ജിയോളജിസ്റ്റ് മുമ്പ് പ്രദേശത്തു സ്ഥല പരിശോധന നടത്തിയിരുന്നു. അതിനുശേഷം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വൻതോതിൽ കരിങ്കല്ല് പൊട്ടിച്ച് കടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കട്ടപ്പന വില്ലേജ്, കട്ടപ്പന നഗരസഭ എന്നിവയുടെ പരിധിയിൽ വരുന്ന കറുവാക്കുളത്ത് സ്വകാര്യ വ്യക്തിയുടെ കൈവശത്തിലുള്ള ഏലം കുത്തകപ്പാട്ട ഭൂമിയിലാണ് അനധികൃത പാറമട പ്രവർത്തിക്കുന്നത്.
പുലർച്ച മൂന്നു മുതൽ ടിപ്പർലോറികൾ ചീറിപ്പായാൻ തുടങ്ങും. ഏലത്തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ ജീവൻ പണയംവെച്ചാണ് ജോലിക്ക് പോകുന്നത്. മേട്ടുക്കുഴിയിലെ നാട്ടുകാർ പാറമടയുടെ പ്രവർത്തനം സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മൈനിങ് ആൻഡ് ജിയോളി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പാറമട അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോപ് മെമ്മോ നൽകി. ഇത് അവഗണിച്ച് പ്രവർത്തനം തുടർന്നതോടെ വീണ്ടും നിരോധന ഉത്തരവ് നൽകി. ഒപ്പം റവന്യൂ വകുപ്പും നോട്ടീസ് നൽകി.
എന്നാൽ, ഇതെല്ലാം കാറ്റിൽ പറത്തിയാണ് പാറമട പ്രവർത്തനം തുടരുന്നത്. ഏലത്തോട്ടത്തിൽ കുളം നിർമിക്കാൻ പാറ പൊട്ടിക്കുകയാണെന്ന് നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പാറ ഖനനം. മുമ്പ് സമീപത്ത് മറ്റൊരു പാറമടയുണ്ടായിരുന്നത് നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് പ്രവർത്തനം നിർത്തിച്ചിരുന്നു.
പാറഖനനത്തെ തുടർന്ന് പ്രദേശത്തെ എസ്റ്റേറ്റ് റോഡിന്റെ വശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി റോഡ് തകർന്നിട്ടുള്ളതായും സമീപത്തെ കൃഷി സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും പടുതക്കുളങ്ങൾക്കും അപകട ഭീഷണിയുള്ളതായും ജിയോളജിസ്റ്റിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പ്രദേശത്തു ധാരാളം കരിങ്കൽ നിക്ഷേപം ഉള്ളതിനാൽ ഇവിടെ നിന്ന് വൻതോതിൽ പാറ ഖനനം ചെയ്തുകടത്താനുള്ള സാധ്യതയുണ്ടെന്നും കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.