അയ്യപ്പൻകോവിൽ പരപ്പിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു
text_fieldsകട്ടപ്പന: അയ്യപ്പൻകോവിൽ പരപ്പിൽ മണ്ണിടിഞ്ഞ് രണ്ട് മണിക്കൂർ റോഡ് ഗതാഗതം സ്തംഭിച്ചു. മലയോര ഹൈവേ നിർമാണം നടക്കുന്ന പലയിടങ്ങളും കടുത്ത മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേ നിർമാണം നടക്കുന്ന അയ്യപ്പൻകോവിൽ പരപ്പിൽ ബുധനാഴ്ച രാത്രി 9.30ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്.
അശാസ്ത്രീയ മലയോര ഹൈവേ നിർമാണം മൂലമാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് ആരോപണം. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ പരപ്പ് പാറമടക്ക് സമീപം ഉരുൾപൊട്ടൽ പോലെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണും കല്ലും മരങ്ങളും വലിയ ശബ്ദത്തോടെയാണ് റോഡിലേക്ക് പതിച്ചത്.
ശബ്ദംകേട്ട് പ്രദേശ വാസികൾ വലിയ ഭീതിയിലായി. മണ്ണിടിച്ചിൽ ഉണ്ടായതിന് പിന്നാലെ ഉപ്പുതറ പൊലീസ് സ്ഥലത്തെത്തുകയും ശതാഗതം നിരോധിക്കുകയും ചെയ്തു.
രാത്രി 10ന് നിരോധിച്ച ഗതാഗതം വളരെ വൈകിയാണ് പുനഃസ്ഥാപിച്ചത്. മലയോര ഹൈവേക്ക് വേണ്ടി മണ്ണ് നീക്കം ചെയ്തതും ഉഗ്രസ്ഫോടനശേഷിയുള്ള വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിച്ചതുമാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്.
ഒരേസമയം 20ലേറെ സ്പോടനങ്ങളാണ് നടത്തുന്നത്. ഇതിനെതിരെ സമീപവാസികൾ രംഗത്തെത്തിയെങ്കിലും പാറ പൊട്ടിക്കൽ നിർബാധം തുടരുകയാണ്. പരപ്പ് മുതൽ ആലടി വരെയുള്ള മലമ്പ്രദേശം കടുത്ത ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്നയിടമാണ്. ഇവിടെ മണ്ണ് നീക്കം ചെയ്തത് കഴിഞ്ഞ ജനുവരിയിലാണ്. ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കാൻ കരാറുകാർ കൂട്ടാക്കാതിരുന്നതാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്. മണ്ണിടിഞ്ഞ് വീണതിന് അഞ്ച് മീറ്റർ മുകൾഭാഗത്ത് ഭൂമി വിണ്ടുനിൽക്കുകയാണ്.
റോഡിൽ വീണ മണ്ണ് നീക്കിയാൽ മുകൾ ഭാഗം ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. ഇതുകൂടാതെ ഹൈവേക്ക് വേണ്ടി മണ്ണ് നീക്കുകയും പാറ പൊട്ടിക്കുകയും ചെയ്ത ഭാഗങ്ങളിലും മണ്ണിടിയുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ മണ്ണിടിച്ചിലിൽ റോഡിന്റെ ടാറിങ്ങടക്കം തകർന്നിരുന്നു.
കട്ടപ്പന -കുട്ടിക്കാനം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം
പാറക്കൂട്ടങ്ങളും മരങ്ങളും ഉൾപ്പെടെയാണ് റോഡിലേക്ക് പതിച്ചത്
കട്ടപ്പന: മലയോര ഹൈവേയിലെ അലടിക്കും പരപ്പിനുമിടയിൽ പാറക്കൂട്ടങ്ങളും മണ്ണും മരങ്ങളും കട്ടപ്പന -കുട്ടിക്കാനം റോഡിലേക്കിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി വൈകീയും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.
കെ ചപ്പാത്ത് മുതൽ പുളിയൻമലവരെ വരുന്ന രണ്ടാം റീച്ചിലെ ആലടിക്കും പരപ്പിനുമിടയിൽ പാറഘനനം നടക്കുന്ന സ്ഥലത്ത് ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിലാണ് പാറക്കൂട്ടമുൾപ്പെടെ റോഡിലേക്ക് ഇടിഞ്ഞ് വീണത്. മലയോര ഹൈവേ നിർമാണത്തിനായി മാസങ്ങളായി ഇവിടെ പാറ ഘനനം നടക്കുന്നുണ്ട്.
ഇങ്ങനെ ഉഗ്രസ്ഫോടനമുണ്ടാകുന്നതുമൂലം പ്രദേശമാകെ കല്ലുകൾക്കും മരങ്ങൾക്കും മണ്ണിനും ഇളക്കം തട്ടുകയും ഇതിലേക്ക് മഴ വെള്ളം ഇറങ്ങിയതിനെ തുടർന്നാണ് ഉഗ്ര ശബ്ദത്തോടെ പാറക്കൂമടക്കം കട്ടപ്പന - കുട്ടിക്കാനം റോഡിലേക്ക് പതിച്ചത്.
അപകടത്തെ തുടർന്ന് കട്ടപ്പന - കുട്ടിക്കാനം റോഡ് 100 മീറ്റർ നീളത്തിൽ വിണ്ടുകീറുകയും ചെയ്തു. സ്ഥലത്തെത്തിയ ഉപ്പുതറ പൊലീസ് റോഡ് അടക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയുമായിരുന്നു.അപകട സ്ഥിതിയിലുള്ള ചപ്പാത്ത് മേഖലയിലെ ആറ് വീട്ടുകാരെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി താമസിപ്പിക്കാൻ പഞ്ചായത്ത് തീരുമാനിച്ചു.
ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നതിനുള്ള ഉപ്പുതറ പരപ്പ് വികാസ് ഓഡിറ്റോറിയവും മാറ്റി പാർപ്പിക്കേണ്ടവരുടെ വീടുകളും ഇടുക്കി തഹസീൽദാർ അനിൽകുമാർ സന്ദർശിച്ചു. അയ്യപ്പൻ കോവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ. ജോൺ, പഞ്ചായത്തംഗങ്ങളായ എം. കുഞ്ഞുമോൻ, ബി. ബിനു, വിജയമ്മ ജോസഫ്, അയ്യപ്പൻകോവിൽ വില്ലേജ് ഓഫിസർ അഞ്ജു എന്നിവരും തഹസീൽദാരോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.