നിലവാരം കുറഞ്ഞ തേയിലപ്പൊടിയും കൊളുന്തും വീണ്ടും കേരളത്തിലേക്ക്
text_fieldsകട്ടപ്പന: തമിഴ്നാട്ടിൽനിന്ന് ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്തും തേയിലപ്പൊടിയും വീണ്ടും കേരളത്തിലേക്ക് ഒഴുകുന്നു. ഇടുക്കിയിലെ തേയിലപ്പൊടിക്കുണ്ടായിരുന്ന ഡിമാൻഡിന് ഇത് കടുത്ത ഭീഷണിയായി. ഇതിനെതിരെ ടീ ബോർഡ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ഉന്നയിക്കുകയാണ് ചെറുകിട തേയില കർഷകർ.
തമിഴ്നാട്ടിലെ ഒട്ടംചിത്രം, ഗുഡല്ലൂർ മേഖലകളിൽ ഉൽപാദിപ്പിക്കുന്ന ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്ത് പൊടിച്ചുണ്ടാക്കുന്ന തേയിലപ്പൊടിയാണ് ഇടുക്കിവഴി കേരളത്തിലേക്ക് എത്തുന്നത്. തമിഴ്നാട്ടിൽ കിലോക്ക് 120 മുതൽ 180രൂപ വരെ വിലക്ക് ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ തേയിലപ്പൊടി വാങ്ങി കേരളത്തിന്‍റെ തേയിലയുമായി കൂട്ടിക്കലർത്തി 300 മുതൽ 400 രൂപ വരെ വിലക്കാണ് വിൽപന. ഇടുക്കിയിലെ ചില സ്വകാര്യ ഏജന്‍റുമാരാണ് തട്ടിപ്പിനുപിന്നിൽ. ഇതുവഴി കോടികളുടെ ലാഭമാണ് ഏജന്‍റുമാർ നേടുന്നത്. തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന ഗുണനിലവാരം കുറഞ്ഞ കൊളുന്ത് ഇടുക്കിയിലെ തേയില ഫാക്ടറികളിൽ എത്തിച്ച് ഇവിടുത്തെ തേയിലയുമായി കൂട്ടിക്കലർത്തി ഉണക്കി ഇടുക്കിയിലെ തേയില എന്ന പേരിൽ കൂടിയ വിലക്ക് വിറ്റഴിക്കുകയാണ് മറ്റൊരു വിഭാഗം.
തമിഴ്നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്തും തേയിലപ്പൊടിയും ഇടുക്കിയിലേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ തേയില ബോർഡിനോട് ആവശ്യപ്പെടുമെന്നും ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്‍റ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.
ഇടുക്കിയിലെ തേയില തോട്ടങ്ങളിൽ തേയില പച്ചക്കൊളുന്ത് ശേഖരിക്കുന്നതിന് കർഷകർ സ്വീകരിക്കുന്ന രീതി രണ്ടിലയും പൊൻതിരിയുമെന്നതാണ്. ഗുണമേന്മ ഏറിയ പൊൻതിരിയും രണ്ടിലയും ഉണക്കിപ്പൊടിക്കുന്നതുകൊണ്ടാണ് ഇടുക്കിയിലെ തേയിലക്ക് വൻ ഡിമാൻഡ്. ഇടുക്കിയിലെ മഞ്ഞുനിറഞ്ഞ തണുത്ത കാലാവസ്ഥയും ഗുണമേന്മയുടെ കാരണങ്ങളിൽ പ്രധാന ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.