ഇടുക്കി ചായയിൽ അയലത്തെ 'പൊടി'
text_fieldsകട്ടപ്പന: തമിഴ്നാട്ടിൽനിന്ന് ഗുണനിലവാരം കുറഞ്ഞ തേയിലക്കൊളുന്ത് ഇടുക്കിയിലെ ഫാക്ടറികളിലേക്ക് ഒഴുകുന്നു. ഇടുക്കിയിലെ തേയിലക്കുണ്ടായിരുന്ന ഡിമാൻഡ് ഇടിയാൻ ഇത് കാരണവുമാകുന്നു. തമിഴ്നാട്ടിലെ ഒട്ടംചിത്രം, ഗുഡല്ലൂർ മേഖലയിൽ ഉൽപാദിപ്പിക്കുന്ന ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്ത് ഇവിടുത്തെ ഫാക്ടറികളിലേക്ക് രാത്രി കൊണ്ടുവന്ന് നാട്ടിലെ തേയിലയുമായി കൂട്ടി കലർത്തി ഉണക്കുകയാണ്. ഇവ ഇടുക്കി തേയില എന്ന പേരിൽ കൂടിയ വിലക്ക് വിറ്റഴിക്കുകയും ചെയ്യുന്നു. തേയിലയുടെ ഗുണനിലവാരം ഇടിയുന്നതിനും ഇടുക്കി തേയിലക്കുണ്ടായിരുന്ന വൻ ഡിമാൻഡ് നഷ്ടപെടാനും സാധ്യത വർധിച്ചതായി ചെറുകിട തേയില കർഷകർ പറയുന്നു.
ഇടുക്കിയിലെ ഒട്ടുമിക്ക ഫാക്ടറികളിലും ഏജൻറുമാർ തമിഴ്നാട്ടിൽനിന്നുള്ള തേയില കൊളുന്ത് വിൽക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞ പച്ചക്കൊളുന്ത് കിലോഗ്രാമിന് 15 മുതൽ 18രൂപ വരെ വിലയിൽ ലഭിക്കും. ഈ കൊളുന്ത് കൂട്ടി കലർത്തി വിൽക്കുന്നതോടെ കിലോഗ്രാമിന് 10 മുതൽ 13 രൂപ വരെ ഇടലാഭം കിട്ടും. എന്നാൽ, ഇടുക്കിയിലെ തേയില കൊളുന്തിന് കിലോഗ്രാമിന് 28 രൂപവരെ വിലയുണ്ട്.
ഇക്കാരണത്താൽ നിരവധി ഏജൻറുമാരും ഫാക്ടറി ഉടമകളും തമിഴ്നാട്ടിൽനിന്ന് കുറഞ്ഞ വിലക്ക് കിട്ടുന്ന തേയില വാങ്ങി ഇടുക്കിയിലെ ഫാക്ടറികളിൽ വിൽക്കുകയും ഉണക്കി വിൽക്കുകയും ചെയ്യുന്നുണ്ട്. അടുത്ത കാലത്ത് തമിഴ്നാട്, വയനാട് എന്നിവിടങ്ങളിൽനിന്ന് ഗുണനിലവാരം കുറഞ്ഞ തേയിലെക്കാളുന്തു ഇടുക്കിയിലെ ഫാക്ടറികളിലേക്ക് വൻതോതിൽ കൊണ്ടുവരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ആവിശ്യപ്പെടുമെന്നും ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡൻറ് വൈ.സി. സ്റ്റീഫൻ പറഞ്ഞു.
രണ്ടിലയും പൊൻതിരിയും
രണ്ടിലയും പൊൻതിരിയുമാണ് തേയിലയുടെ ഏറ്റവും ഗുണമേന്മ ഏറിയ ഭാഗം. സാധാരണ ഇടുക്കിയിൽ തേയില തോട്ടങ്ങളിൽ കൊളുന്ത് വിളവെടുക്കുമ്പോൾ രണ്ടിലയും പൊൻതിരിയുമാണ് എടുക്കുക. ഈ പൊൻതിരിയും രണ്ടിലയും ഉണക്കിപ്പൊടിക്കുന്നതുകൊണ്ടാണ് ഇടുക്കി തേയിലയുടെ ഡിമാൻഡ് ഉയരുന്നത്. ഇതോടെപ്പം ഇടുക്കിയിലെ പ്രത്യേക കാലാവസ്ഥയും ഗുണമേന്മ കാരണങ്ങളിൽ പ്രധാന ഘടകമാണ്.
പശ്ചിമഘട്ട മലനിരകളിൽപെട്ട ഇടുക്കിയിലെ തോട്ടങ്ങളിൽ സമുദ്ര നിരപ്പിൽനിന്ന് 3000 മുതൽ 7000 അടി വരെ ഉയരത്തിലാണ് തോട്ടങ്ങൾ.
അതുകൊണ്ട് തന്നെ ഇവിടുത്തെ തേയിലയുടെ ഗുണമേന്മയും ഉയർന്നതാണ്. ഈ ഡിമാൻറ് മുതലെടുത്താണ് തമിഴ് നാട്ടിൽനിന്ന് ഗുണനിലവാരവും വിലയും കുറഞ്ഞ തേയില കൊണ്ടുവന്ന് ഇടിടുത്തെ തേയിലയുമായി കൂട്ടിക്കലർത്തി കൊള്ളലാഭം നേടുന്നത്.തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന തേയിലയിൽ ഇലകൾ കൂടുതലാണ്. തേയിലച്ചെടിയുടെ മുകൾ ഭാഗം അടക്കം മുറിച്ചെടുത്ത് കൊണ്ടുവരുന്നതാണ് ഇത്തരം കൊളുന്ത്. ഇലകൾ കൂടുതൽ വരുന്നതിനാൽ ഗുണനിലവാരം കുറയും.
ഗുണനിലവാരത്തിൽ ഒന്നാമത്
ഉയർന്ന പ്രദേശത്തെ തണുത്ത കാലാവസ്ഥയിലും കോടമഞ്ഞിലും ഉൽപാദിപ്പിക്കപ്പെടുന്ന ഇടുക്കി തേയില ഗുണനിലവാരത്തിൽ രാജ്യത്തുതന്നെ ഒന്നാംസ്ഥാനത്ത് നിൽക്കുന്നതാണ്.
ഈ തേയിലക്കൊളുന്തിന് കിലോഗ്രാമിന് ശരാശരി 26 രൂപ മുതൽ 28 രൂപ വരെയാണ് ഇന്നലത്തെ വില.
ഗുണനിലവാരം കുറഞ്ഞ തേയില കൊളുന്ത് ഫാക്ടറികൾ തിരസ്കരിക്കുകയാണ് പതിവ്. ആർക്കും വേണ്ടാത്ത ഈ തേയിലക്കൊളുന്ത് പറയുന്ന വിലക്ക് ഇടുക്കിയിൽ എത്തിച്ചുകൊടുക്കാൻ ഏജൻറുമാരുണ്ട്. ഫാക്ടറികൾ ഇവ വിലയിടിച്ച് വാങ്ങി നല്ല തേയിലയുമായി കൂട്ടിക്കലർത്തിയാണ് വിൽപന.
തറവില ഉയർത്തി ടീ ബോർഡ്
ഈമാസം തേയില തറവില പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞമാസം കിലോഗ്രാമിന് 22.66 രൂപയാണ് തേയില ബോർഡ് പ്രഖ്യാപിച്ച തറവില.
ഒക്ടോബറിൽ തറവില കിലോഗ്രാമിന് 19.23 ആയിരുന്നു. കഴിഞ്ഞമാസം പ്രഖ്യാപിച്ച തറവില എക്കാലത്തെയും ഉയർന്നതാണ്. മുമ്പ് ഒരുകാലത്തും ഇത്രയും ഉയർന്ന തറവില ടീ ബോർഡ് പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.