മരണം ഉറപ്പെന്നറിഞ്ഞിട്ടും ജോയ്സിനെ കൈവിടാതെ മനു
text_fieldsകട്ടപ്പന: രക്ഷപ്പെടാനുള്ള അവസരം അവഗണിച്ച് മരണമുഖത്ത് നീന്തുേമ്പാഴും കൂട്ടുകാരനെ കൈവിടാൻ മനുവിന് മനസ്സ് വന്നില്ല. ഒടുവിൽ ഇടുക്കി ജലാശയത്തിെൻറ ആഴങ്ങളിൽ ആ ജീവനും പൊലിഞ്ഞു. മീൻപിടിക്കുന്നതിനിടെ ഇടുക്കി ജലാശയത്തിൽ മുങ്ങിമരിച്ച ഒാേട്ടാ തൊഴിലാളികളായ ജോയ്സും മനുവും പിരിയാത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദമാണ് അവരെ മരണത്തിലും ഒന്നിപ്പിച്ചത്.
ലോക്ഡൗൺ മൂലം ഓട്ടം ഇല്ലാതായതോടെയാണ് സൃഹൃത്ത് രതീഷിനൊപ്പം ജോയ്സും മനുവും മീൻപിടിക്കാൻ പോയത്. ഇടുക്കി ജലശായത്തിെൻറ ആഴമേറിയ കെട്ടുചിറക്ക് സമീപം ഒഴുക്കാൻപാറയിൽ കരയോട് ചേർന്ന ഭാഗത്ത് ജോയ്സ് വല വീശുകയായിരുന്നു. ഇതിനിടെ ജോയ്സ് വെള്ളത്തിലേക്ക് വീണു.
കണ്ടുനിന്ന മനു ജലാശയത്തിൽ ചാടി ജോയിസിനെ കണ്ടെത്തി ഷർട്ടിൽ പിടിച്ചു കരയിലേക്ക് നിന്തിയെങ്കിലും ഓളത്തിൽപ്പെട്ട് കൈവിട്ടുപോയി. ഈസമയം കരയിലേക്ക് നീന്തി രക്ഷപ്പെടാൻ മനവിന് അവസരമുണ്ടായിരുന്നു. എങ്കിലും എങ്ങനെയും സുഹൃത്തിനെ രക്ഷിക്കാൻ മനു വീണ്ടും വെള്ളത്തിൽ മുങ്ങി.
ജോയിസിനെ കണ്ടെത്തി കരയിലേക്ക് നീന്താൻ ശ്രമിച്ചെങ്കിലും തീർത്തും അവശനായ ജോയ്സ് മരണവെപ്രാളത്തിൽ മനുവിനെ വട്ടം കെട്ടിപ്പിടിച്ചു. പിടിവിടുവിക്കാതെ മനു ജോയിസുമായി കരയിലേക്ക് നീന്താൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് ഇരുവരും വെള്ളത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കരയിൽനിന്ന രതീഷിന് നിസ്സഹായനായി അലമുറയിട്ട് കരയാനേ കഴിഞ്ഞുള്ളൂ. മനുവിന് ധീരതക്കുള്ള മരണാനന്തര ബഹുമതി നൽകണമെന്ന ആവശ്യവും നാട്ടുകാർക്കിടയിൽ ഉയർന്നിട്ടുണ്ട്.
നാലാംനാൾ സാഹസിക തിരച്ചിൽ
കട്ടപ്പന: ഇടുക്കി ജലാശയത്തിൽ കാണാതായ രണ്ട് ഓട്ടോ തൊഴിലാളികൾക്കായി തുടർച്ചയായി നാലുനാൾ നടന്നത് സാഹസികമായ തിരച്ചിൽ.
ഇടുക്കി ജലാശയത്തിൽ രക്ഷാപ്രവർത്തനം അത്യന്തം അപകടകാരമാണ്. വിദ്ഗധ പരിശീലനം ലഭിച്ചവർക്ക് മാത്രമേ തിരച്ചിൽ നടത്താനാകൂ. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, റവന്യൂ, സിവിൽ ഡിഫൻസ് അധികൃതർ, ത്രിതല പഞ്ചായത്ത് അധികൃതർ, നാട്ടുകാർ, മനുവിെൻറയും ജോയ്സിെൻറയും കൂട്ടുകാരായ ഓട്ടോ തൊഴിലാളികൾ എന്നിവരൊക്ക രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നു.
മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനം പലപ്പോഴും ദുഷ്കരമാക്കി. നാലുദിനം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ജോയ്സിെൻറയും മനുവിെൻറയും മൃതദേഹം കണ്ടെത്തി കരയിലെത്തിക്കുമ്പോൾ എല്ലാവരും അവശരായിരുന്നു. വാഹന സൗകര്യവും വൈദ്യുതിയും മൊബൈൽ റേഞ്ചും ഒന്നുമില്ലാത്ത സ്ഥലത്തായിരുന്നു രക്ഷാപ്രവർത്തനം. മഴയും മഞ്ഞും പ്രതികൂല കാലാവസ്ഥയും പലപ്പോഴും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.