മാട്ടുക്കട്ട ഗവ.എൽ.പി സ്കൂളിന്റെ ഭൂമി തിരിച്ചുപിടിച്ചു
text_fieldsകട്ടപ്പന: സ്വകാര്യ വ്യക്തി കൈയേറിയ മാട്ടുക്കട്ട ഗവ.എൽ.പി സ്കൂളിന്റെ ഭൂമി തിരിച്ചുപിടിച്ച് കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കാൻ നടപടി തുടങ്ങി. അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിന്റെ 84 സെന്റ് ഭൂമിയാണ് മുൻ റവന്യൂ ഉദ്യോഗസ്ഥനായ വ്യക്തി കൈയേറി കൈവശം വച്ചിരുന്നത്. ഇയാളിൽ നിന്ന് സ്ഥലം തിരിച്ചു പിടിക്കാൻ മുമ്പ് നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ജില്ല അധികൃതരുടെ സഹായത്തോടെയാണ് ഇപ്പോൾ ഭൂമി തിരിച്ച് പിടിച്ചത്.
സ്കൂളിന്റെ ഭൂമി തിരിച്ച് പിടിക്കണമെന്ന് പല തവന്ന പി.ടി.എ. കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകൾ ഉണ്ടായിരുന്നിട്ടും ഭൂമി വീണ്ടെടുക്കാൻ സ്വകാര്യ വ്യക്തിയുടെ സ്വാധീനം മൂലം മുൻ പഞ്ചാത്ത് ഭരണസമിതികൾക്ക് സാധിച്ചില്ല. ഉന്നത റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുകയും പഞ്ചാത്ത് അനങ്ങാപ്പാറ നയം സ്വീകരിച്ചതും ഫലത്തിൽ സ്കൂളിന്റെ സ്ഥലം തിരിച്ച് പിടിക്കുന്നതിന് തടസമായി. സ്കൂൾ പി.ടി എയുടേയും നാട്ടുകാരുടേയും ആവശ്യം നിരന്തരം അവഗണിക്കപ്പെടുകയായിരുന്നു. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഇപ്പോഴത്തെ ഭരണസമിതിയുടെ മുന്നിൽ പി.ടി.എ കമ്മിറ്റി വീണ്ടും വിഷയം ഉന്നയിച്ചതോടെയാണ് സ്ഥലം തിരിച്ച് പിടിക്കാൻ നടപടി തുടങ്ങിയത്. ഭൂമി വീണ്ടെടുക്കാൻ പഞ്ചായത്ത് ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ നടപടി തുടങ്ങി.
റവന്യു അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട അനുവാദം ലഭിച്ചതോടെ സ്കൂളിന് സമീപത്തെ കൈയേറ്റ ഭൂമിയിലെ മരങ്ങൾ പഞ്ചായത്ത് മുറിച്ചുമാറ്റി. തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മണ്ണ് നീക്കി സ്ഥലം നിരപ്പാക്കി തുടങ്ങി. ഒരു പഞ്ചായത്തിൽ ഒരു മൈതാനം എന്ന പദ്ധതി പ്രകാരം മാട്ടുക്കട്ട ഗവ.എൽ.പി. സ്കൂളിന്റെ ഭൂമിയിൽ അയ്യപ്പൻ കോവിൽ പഞ്ചായത്താണ് കളി സ്ഥലം നിർമിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ പണി പൂർത്തിയാകും. പ്രത്യേക ഫണ്ട് അനുവദിച്ച് മൈതാനത്തിന്റെ പണി പൂർത്തിയാക്കി മതിൽ കെട്ടി സ്ഥലം സംരക്ഷിക്കാനാണ് നീക്കമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.