ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷ
text_fieldsകട്ടപ്പന: യേശുക്രിസ്തുവിന്റെ അന്ത്യാത്താഴത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ വ്യാഴാഴ്ച്ച പെസഹാ ആചരിക്കും. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രുഷയും പെസഹാ വ്യാഴകർമങ്ങളും നടക്കും. അന്ത്യ അത്താഴ വേളയിൽ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രുഷ നടത്തുന്നത്. പെസഹാ വ്യാഴം പ്രമാണിച്ചു വീടുകളിൽ അപ്പം മുറിക്കൽ ശുശ്രുഷയും നടക്കും.
ഹൈറേഞ്ചിലെ ആദ്യകാല ദേവാലങ്ങളായ കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളി, വെള്ളയാം കുടി, സെന്റ് ജോർജ് ഫൊറോനാ പള്ളി, ഉപ്പുതറ സെന്റ് മേരിസ് ഫോറോനാ പള്ളി, എഴുകുംവയൽ സെന്റ് ജ്യൂഡ് പള്ളി, ഇരട്ടയാർ, സെന്റ് തോമസ് ഫോറോനാ പള്ളി, അണക്കര സെന്റ് തോമസ് ഫോറോനാ പള്ളി, കട്ടപ്പന സെന്റ് ജോർജ് ഓർത്തഡോസ് പള്ളി, കട്ടപ്പന സി.എസ്.ഐ. പള്ളി എന്നിവിടങ്ങളിൽ പെസഹാ വ്യാഴം പ്രമാണിച്ചുള്ള തിരുകർമ്മങ്ങളും കൽകഴുകൽ ശുശ്രുഷയും കുരിശിന്റെ വഴിയും നടക്കും.
കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ വൈകുന്നേരം മൂന്നിന് നടക്കുന്ന പെസഹ വ്യാഴം തിരുകർമ്മങ്ങൾക്കും കാൽ കഴുകൽ ശുശ്രുഷക്കും വിശുദ്ധ കുർബാനക്കും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് ജോസ് പുളിക്കൽ മുഖ്യ കാർമികത്വം വഹിക്കും. ഫൊറോന വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ, അസി. വികാരിമാരായ ഫാ. ജോസഫ് വടക്കേപീടിക, ഫാ. നോബി വെള്ളാപ്പള്ളി, ഫാ. മനു കിളികൊത്തിപാറ തുടങ്ങിയവർ സഹകർമികത്വം വഹിക്കും.
ദുഃഖ വെള്ളയോടാനുബന്ധിച്ച് ദൈവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും നഗരികാണിക്കൽ ചടങ്ങും നടക്കും. കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ ദൈവാലയത്തിൽ വൈകുന്നേരം മൂന്നിന് ദുഃഖ വെള്ളിയുടെ ചടങ്ങുകൾ ആരംഭിക്കും.
എഴുകുംവയൽ കുരിശുമല; ദുഃഖവെള്ളി മലകയറ്റത്തിന് ഒരുക്കം പൂർത്തിയായി
കട്ടപ്പന: കിഴക്കിന്റെ മലയാറ്റൂർ എന്ന് അറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ ദുഃഖവെള്ളി ദിനത്തിൽ മലകയറ്റത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി തീർഥാടക ദേവാലയ റെക്ടർ ഫാ. ജോർജ് പാടത്തെകുഴി, ജനറൽ കൺവീനർ ജോണി പുതിയപറമ്പിൽ എന്നിവർ അറിയിച്ചു. കുരിശുമല കയറുന്നതിനായി കേരളം, തമിഴ്നാട്ക, കർണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹന പാർക്കിങ് സൗകര്യങ്ങൾ, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ, ആംബുലൻസ് സേവനം, വിശ്രമസ്ഥലങ്ങൾ, കുടിവെള്ളം, നേർച്ച കഞ്ഞി എന്നിവയെല്ലാം സജ്ജമാക്കും . വിവിധ കമ്മറ്റികളിലായി ആയിരത്തിലധികം അംഗങ്ങളാണ് പ്രവർത്തിക്കുന്നത്. ദുഃഖ വെള്ളി രാവിലെ ഏഴിന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്ന പീഡാനുഭവ യാത്ര മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്ന് ആരംഭിക്കും.
തുടർന്ന് കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളും പിന്നിട്ട് മലമുകളിലെ ദേവാലയത്തിൽ ദുഃഖവെള്ളിയുടെ തിരുക്കർമ്മങ്ങളും പീഡാനുഭവ സന്ദേശവും മെത്രാൻ നൽകും. പ്രസിദ്ധ ശില്പി ജോസ് തെക്കനാൽ നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപം, സംശയാലുവായ തോമായുടെ ചിത്രം, തിരുക്കല്ലറ, കേരളത്തിൽ ആദ്യമായി നിർമിച്ച മിസേറിയ രൂപം എന്നിവ സന്ദർശിച്ച് പ്രാർഥിക്കുന്നതിനുള്ള സൗകര്യങ്ങളും കുരിശുമലയിൽ ഒരുക്കിയിട്ടുണ്ട്.
പീഡാനുഭവ യാത്രയിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികൾ ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് മുമ്പ് ടൗൺ കപ്പേളയിൽ എത്തണം. കട്ടപ്പനയിൽ നിന്നും നെടുംകണ്ടത്തു നിന്നും രാവിലെ ആറ് മുതൽ കുരിശുമലയിലേക്ക് കെ.എസ്.ആർ.ടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തും.
കട്ടപ്പന ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇരട്ടയാർ വലിയതോവാള വഴിയും ഇടുക്കി തോപ്രാംകുടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ശാന്തി ഗ്രാം വെട്ടിക്കാമറ്റം വഴിയും അടിമാലി പാറത്തോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചിന്നാർ ഇട്ടിത്തോപ്പ് വഴിയും ചെമ്മണ്ണാർ നെടുംകണ്ടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചേമ്പളം കൗന്തി വഴിയും കുമളി കമ്പംമെട്ട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുളിയന്മല വട്ടപ്പാറ കൗന്തി വഴിയും എഴുകും വയലിൽ എത്തണം. വിവരങ്ങൾക്ക് 9447521827 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.