മുല്ലപ്പെരിയാർ: അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമല്ല
text_fieldsകട്ടപ്പന: കാലവർഷം മുന്നിലെത്തിയതോടെ മുല്ലപ്പെരിയാറിൽ അപകട സൂചന, മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞ് അധികൃതർ. ശനിയാഴ്ച അപ്രതീക്ഷിതമായി ഉണ്ടായ നേരിയ ഭൂചലനം പെരിയാർ നദീതീരവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 121 അടിയാണ്.
ജലനിരപ്പ് 135 അടിയിലെത്തുമ്പോൾ ആദ്യ മുന്നറിയിപ്പും 136 അടിയാകുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പും നൽകണം. ഉപ്പുതറ വിേല്ലജ് ഓഫിസിനു മുകളിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ കഴിഞ്ഞ തവണ നന്നാക്കിയെങ്കിലും മറ്റുള്ളവ പ്രവർത്തനക്ഷമമല്ല. മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നാൽ പെരിയാർ തീരദേശവാസികൾക്ക് അപകട സൂചന നൽകാനുള്ള സംവിധാനങ്ങൾ പ്രവർത്തനരഹിതമായിട്ട് ആറ് വർഷം പിന്നിട്ടു.
ജലനിരപ്പ് 136 അടിയിലേക്കുയർന്നാൽ ഉടൻ ദുരന്തമുന്നറിയിപ്പ് നൽകാൻ നാലു കേന്ദ്രങ്ങളിൽ 2012 ലാണ് ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ ഏർലി വാണിങ് സിസ്റ്റം സ്ഥാപിച്ചത്. വള്ളക്കടവ്, മഞ്ചുമല , ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നിവിടങ്ങളിലായിരുന്നു. കൊട്ടിഘോഷിച്ച് സ്ഥാപിച്ച ഉപകരണങ്ങൾ ഗുണനിലവാരമില്ലായ്മ മൂലം ആദ്യദിവസം മാത്രമാണ് പ്രവർത്തിച്ചത്.
ആഴ്ചകൾക്കുള്ളിൽ ഉപകരണത്തിെൻറ ആൻറിനയും കോളാമ്പിയും നിലംപൊത്തി. തുടർന്ന് അനുബന്ധ ഉപകരണങ്ങൾ പ്രവർത്തനരഹിതമായി. വിവരം വില്ലേജ് അധികൃതരെ അറിയിച്ചെങ്കിലും ദുരന്തനിവാരണ അതോറിറ്റിയോ, ജില്ല ഭരണകൂടമോ ഒരു നടപടിയും സ്വീകരിച്ചില്ല. മാധ്യമ വാർത്തകളെ തുടർന്ന്, നിലംപൊത്തിയ ആൻറിനയും അനുബന്ധ സാമഗ്രികളും പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥരാണ് ഉയർത്തി സ്ഥാപിച്ചത്. പെരിയാർ തീരറോഡുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുക, എസ്റ്റേറ്റ് ഗേറ്റുകൾ സദാ സമയവും തുറന്നിടുക, താലൂക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ ചുമതലയിൽ വില്ലേജ് ഓഫിസുകളിലും പെരിയാർ തീരങ്ങളിലെ പ്രധാന ജനവാസ കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കുക തുടങ്ങിയ തീരുമാനങ്ങളും എടുത്തിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും സർക്കാർ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ല.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി നടത്തി വന്ന പ്രക്ഷോഭം ഉച്ചസ്ഥായിയിലെത്തിയതോടെ 2011 ലാണ് സർക്കാർ ദുരന്തമുന്നറിയിപ്പിനും നിവാരണ പ്രവർത്തനത്തിനും തീരുമാനമെടുത്തത്. ദുരന്തനിവാരണ ഫണ്ടിൽനിന്ന് ജില്ല ഭരണകൂടം വഴിവിളക്കു സ്ഥാപിക്കും എന്നു പറഞ്ഞ് പഞ്ചായത്തുകളും കയ്യൊഴിഞ്ഞതോടെ പെരിയാർ തീരത്തെ എല്ലാ റോഡുകളും ഇരുട്ടിലുമായി. രാത്രിയിലാണ് അപകട സൂചന മുന്നറിയിപ്പ് ഉണ്ടാകുന്നതെങ്കിൽ ഉയർന്ന സ്ഥലങ്ങളിലേക്ക് ഓടി രക്ഷപ്പെടാൻ വേണ്ടിയാണ് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇത് നടക്കാതെ വന്നതോടെ മുന്നറിയിപ്പ് ഉണ്ടായാലും ആളുകൾക്ക് രക്ഷപ്പെടാൻ മറ്റ് വഴികൾ തേടേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.