സുരക്ഷ മാനദണ്ഡങ്ങളില്ല; പടുതാക്കുളങ്ങൾ മരണക്കെണി
text_fieldsകട്ടപ്പന: സുരക്ഷ മാനദണ്ഡങ്ങൾ ഇല്ലാതെ നിർമിച്ച പടുതാക്കുളങ്ങൾ ഹൈറേഞ്ചിൽ മരണക്കെണികളാകുന്നു. പടുതാക്കുളത്തിന് ചുറ്റുമതിൽ ഇല്ലാത്തതാണ് പ്രധാനമായും അപകടത്തിനിടയാക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പത്തിലധികം പേരാണ് പാടുതാ കുളത്തിൽ വീണു ജീവൻ വെടിഞ്ഞത്. മനുഷ്യർ മാത്രമല്ല മൃഗങ്ങളും അപകടത്തിൽ പെടുന്നത് പതിവാണ്. ഏറ്റവുമൊടുവിൽ വെള്ളിഴാഴ്ച ഇടിഞ്ഞമലയിൽ ഏഴു വയസ്സുകാരൻ പടുത കുളത്തിൽ കാൽവഴുതി വീണു മരിച്ചതാണ് ഒടുവിലെ സംഭവം.
കട്ടപ്പന താന്നിവേലിൽ ദാവൂദ് റിയാൻ റോബിൻ ആണ് പടുതാക്കുളത്തിൽ വീണു മരിച്ചത്. ഇടിഞ്ഞ മലയുള്ള തറവാട് വീടിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പടുതാക്കുളത്തിൽ കാൽവഴുതി വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത നാളിൽ ഹൈറേഞ്ചിനെ വിറപ്പിച്ച കടുവ ചത്തതും ആൾമറയില്ലാത്ത കുളത്തിൽ വീണാണ്. പടുതാക്കുളങ്ങൾ നിർമിക്കുമ്പോൾ ആവശ്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കാതിരുന്നതാണ് പലരുടെയും മരണത്തിന് ഇടയാക്കിയത്. കൃഷി സ്ഥലത്തിന്റെ ഉടമകളും പടുത കുളത്തിൽ ഇറങ്ങി കരക്ക് കയറാൻ കഴിയാതെ മരിച്ചിട്ടുണ്ട്.
പടുതാക്കുളങ്ങൾ ആയിരത്തിനടുത്ത്; ഭൂരിഭാഗവും അനുമതി ഇല്ലാത്തത്
ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ ആയിരത്തോളം പടുതാക്കുളങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇവയൊന്നും ആവശ്യമായ അനുമതിയോടെയല്ല നിർമിച്ചിട്ടുള്ളത്. കൃഷിക്കും മീൻ വളർത്താലിനും വേണ്ടി നിർമിച്ചതാണ് ഒട്ടുമിക്കതും. സർക്കാർ ധനസഹായത്തോടെയും നൂറു കണക്കിന് പടുതാ ക്കുളങ്ങൾ നിർമിക്കുന്നുണ്ട്. മിക്കതും സുരക്ഷ മുൻകരുതൽ സ്വീകരിക്കാതെയാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ മഴക്കാലത്ത് പടുതാ കുളങ്ങൾ തകർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി കൃഷി സ്ഥലങ്ങൾ നശിച്ചിരുന്നു. പടുതാ കുളത്തിൽ വശങ്ങളിൽ പടവുകൾ ഇല്ലാത്തതിനാൽ കുളത്തിൽ വീണാൽ രക്ഷപെടുക ബുദ്ധിമുട്ടാണ്. നന്നായി നീന്തൽ അറിയാവുന്നവർ പോലും പടുതാക്കുളത്തിൽ വീണ് മരിക്കുന്നുണ്ട്. കുറഞ്ഞത് നാലടി ഉയരത്തിലെങ്കിലും ചുറ്റു മതിൽ നിർമിക്കുകയാണ് ഇതിനുള്ള ഏക മാർഗം. മരം കൊണ്ടോ, സിമിന്റ് കട്ടകൊണ്ടോ, ആൾമറയുണ്ടാക്കാം. ഇതൊന്നും ഇല്ലാതെ നിർമ്മിക്കുന്ന പടുത കുളങ്ങളാണ് മരണക്കെണികളാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.