മാണിയെ മാത്രമല്ല പി.ജെ. ജോണിനെയും റോഷിക്ക് മറക്കാനാവില്ല
text_fieldsകട്ടപ്പന: നിയുക്ത മന്ത്രി റോഷി അഗസ്റ്റിന് തെൻറ രാഷ്്ട്രീയ ജീവിതത്തിൽ മറക്കാനാവാത്ത രണ്ട് വ്യക്തിത്വങ്ങളുണ്ട്; ഒന്ന് കെ.എം. മാണി. പിന്നെ പി.ജെ. ജോൺ എന്ന രാമപുരം അപ്പച്ചൻ ചേട്ടൻ. കെ.എം. മാണി റോഷിയുടെ രാഷ്്ട്രീയ ഗുരുനാഥനും വഴികാട്ടിയുമായിരുന്നെങ്കിൽ അപ്പച്ചൻ ചേട്ടൻ രാഷ്്ട്രീയത്തിലേക്ക് കൈപിടിച്ച് മാണിസാറിനെ ഏൽപിച്ച ഗുരുതുല്യനാണ്.
പാർട്ടി പഠന ക്ലാസുകളിൽ തെൻറ രാഷ്്ട്രീയ ജീവിതത്തെക്കുറിച്ച് പറയുമ്പോഴെല്ലാം മാണി സാറിനൊപ്പം അപ്പച്ചൻ ചേട്ടനെക്കുറിച്ചും റോഷി പറയാറുണ്ടായിരുന്നു.
റോഷിക്ക് മാണിയോടുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കാൻ ഊടും പാവും നെയ്തത് ദീർഘകാലം രാമപുരം പഞ്ചായത്ത് പ്രസിഡൻറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും ഒക്കെ ആയി പ്രവർത്തിച്ച പുതിയിടത്ത് ചാലി അപ്പച്ചൻ ആയിരുന്നു. അക്കാലത്ത് യൂത്ത് ഫ്രണ്ട് എം നടത്തിയ പദയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയത് സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.എം. മാണി ആയിരുന്നു. സ്വാഗതം പറഞ്ഞത് റോഷി അഗസ്റ്റിനും. റോഷിയുടെ വാക്ചാതുര്യം മാണിയെ ആകർഷിച്ചു.
റോഷിയെക്കുറിച്ച് അപ്പച്ചനോട് അന്വേഷിച്ച മാണി, ഇനി പാലായിലേക്ക് വരുമ്പോൾ അവനെ കൂട്ടിെക്കാണ്ടുവരണം എന്നുപറഞ്ഞാണ് മടങ്ങിയത്.
ആഴ്ചകൾക്കുശേഷം ഒരു ഞായറാഴ്ച രാവിലെ അപ്പച്ചൻ റോഷിയുടെ വീട്ടിൽ എത്തി. മാണിസാറിെൻറ വീട്ടിലേക്ക് ഞാൻ ഇവനെ കൊണ്ടുപോയ്ക്കോട്ടെ എന്ന് പിതാവിനോട് ചോദിച്ചു. അന്ന് അപ്പച്ചൻ ചേട്ടൻ റോഷിയെ കൈപിടിച്ച് ഏൽപിച്ചതാണ്.
യൂത്ത് ഫ്രണ്ട് രാമപുരം മണ്ഡലം പ്രസിഡൻറ്, രാമപുരം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, മണൽവാരൽ തൊഴിലാളി യൂനിയൻ പ്രസിഡൻറ്, ഉരുളൻതടി വർക്കേഴ്സ് യൂനിയൻ പ്രസിഡൻറ് എന്നീ നിലകളിൽ ഒക്കെ പ്രവർത്തിച്ചിട്ടുണ്ട് റോഷി. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സമയത്തൊക്കെ അനുഗ്രഹം വാങ്ങാൻ റോഷി അപ്പച്ചൻ ചേട്ടനെ തേടിയെത്താറുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷവും രാമപുരത്ത് മാതാപിതാക്കളെ കാണാൻ എത്തിയ റോഷി അപ്പച്ചൻ ചേട്ടനെയും വീട്ടിലെത്തി കണ്ടു.
അനാരോഗ്യംമൂലം വിശ്രമത്തിലാണെങ്കിലും ദീർഘനേരം ഒരുമിച്ചിരുന്ന് സംസാരിച്ചു. മന്ത്രിപദവി തേടിയെത്തിയപ്പോൾ അഭിനന്ദനം നേർന്ന് ആദ്യം വിളിച്ചവരിൽ ഒരാൾ അപ്പച്ചൻ ചേട്ടൻ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.