സാധാരണക്കാരെ ആപ്പിലാക്കി ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ സജീവം
text_fieldsകട്ടപ്പന: കടക്കെണിയിലായ സാധാരണക്കാരെ ആത്മഹത്യ കെണിയിലാക്കി ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ വീണ്ടും സജീവം. വായ്പ ആപ്പുകളില്‍ അകപ്പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് എവിടെ നിന്നെങ്കിലും വായ്പ സംഘടിപ്പിക്കാനുള്ള ആളുകളുടെ ശ്രമമാണ് ഇവയിൽ എത്തിക്കുന്നത്.
ആപ്പുകളുടെ പിടിയില്‍പെട്ട് പണവും മാനവും നഷ്ടപ്പെടുന്ന നിരവധി പേരാണ് പരാതിയുമായി പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചു കൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴിയാണ് ഇത്തരം ആപ്പുകള്‍ ആളുകളെ തിരയുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍, ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ഫോണില്‍നിന്ന് ശേഖരിച്ച് ഇവരെ തിരഞ്ഞാണ് ഇത്തരം പരസ്യങ്ങള്‍ ഫോണുകളില്‍ എത്തുന്നത്.
മൂന്നോ നാലോ നടപടിയിലൂടെ അക്കൗണ്ടില്‍ പണം എത്തുമെന്നതാണ് ഇവര്‍ നല്കുന്ന വാഗ്ദാനം. കടക്കെണിയില്‍ അകപ്പെട്ട് നില്ക്കുന്നവരോ പണത്തിന് അത്യാവശ്യമുള്ളവരോ ഈ പരസ്യം കാണുന്നതോടെ ഇതില്‍ ആകൃഷ്ടരാകും. ബാങ്കില്‍ രേഖകളുമായി കയറിയിറങ്ങുന്ന സമയമൊന്നും ഇത്തരം ആപ്പുകള്‍ക്ക് വേണ്ട. പരസ്യത്തില്‍ കാണുന്ന ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ ആപ് പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷനിലേക്കാണ് നീങ്ങുന്നത്. ചില പരസ്യങ്ങളില്‍ അവരുടെ ഓണ്‍ലൈന്‍ സൈറ്റിലേക്കായിരിക്കും ലിങ്ക് തുറക്കുന്നത്. ആപ് ഇൻസ്റ്റാള്‍ ആകുന്നതോടെ ഫോണിലെ എല്ലാ വിവരങ്ങളും കമ്പനിക്ക് ശേഖരിക്കാന്‍ സാധിക്കും. ആധാര്‍, പാന്‍ നമ്പര്‍, വിലാസം എന്നിവ നല്കുമ്പോള്തന്നെ പണം അക്കൗണ്ടിലേക്ക് എത്തുന്നതാണ് രീതി.
എന്നാല്‍, തിരിച്ചടവ് തുടങ്ങുമ്പോള്‍ പലിശ ഉയര്‍ത്തി ഇ.എം.ഐയില്‍ വന്‍ വര്‍ധനയുണ്ടാക്കും. തിരിച്ചടവ് ദിവസം ഒരു മണിക്കൂര്‍ മാറിയാല്‍പോലും വലിയ തുക പലിശ നല്‍കേണ്ടിവരും. ആരാണെന്നോ എവിടെയുള്ള കമ്പനിയാണെന്നോ അറിയാതെയാണ് ഇത്തരം ആപ്പുകളില്‍നിന്നും സൈറ്റുകളില്‍നിന്നും പണം ലോണായി വാങ്ങുന്നത്.
തിരിച്ചടവ് മുടങ്ങുകയോ അമിതമായി ആവശ്യപ്പെടുന്ന പണം നല്കാതിരിക്കുകയോ ചെയ്താല്‍ സൈബര്‍ ലോകത്ത് ഇടപാടുകാരെ മാനം കെടുത്തുന്നതാണ് ഇവരുടെ ഒരു രീതി. സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്ക് ഇടപാടുകാരുടെ നഗ്നചിത്രങ്ങളോ വിഡിയോകളോ തയാറാക്കി അയച്ചു കൊടുക്കുക, സോഷ്യല്‍ മീഡിയ ഐ.ഡി ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം അയക്കുക തുടങ്ങിയവയിലൂടെയാണ് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നത്. ഒപ്പം സിബില്‍ സ്കോര്‍ അടക്കമുള്ളവയെ ദോഷമായി ബാധിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഇടപാടുകാര്‍ക്ക് മറ്റൊരു സാമ്പത്തിക ഇടപാടും നടത്താന്‍ കഴിയാത്ത തരത്തില്‍ പൂട്ട് വീഴുകയും ചെയ്യും.
പണവും മാനവും നഷ്ടപ്പെട്ട് പലരും പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കാറുണ്ടെങ്കിലും ഇത്തരം ആപ്പുകളുടെ പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിക്കാറില്ല. ഏതാനും പേരെ കമ്പളിപ്പിച്ച് കഴിയുന്നതോടെ ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍നിന്ന് അപ്രത്യക്ഷമാകും.
ഇതോടെ ഇവരുടെ ഇടപാടുകള്‍ കണ്ടെത്താന്‍ സാധിക്കാതെയും വരും. ഇരകളാക്കപ്പെടുന്നവര്‍ ഇതിനകം കടമെടുത്ത പണത്തിന്റെ മൂന്നോ നാലോ ഇരട്ടി
തിരികെ അടച്ചിട്ടുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.