കറുവാക്കുളത്ത് അൽപം സിനിമ ചർച്ചയും...
text_fieldsകട്ടപ്പന: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെയാണ് നാടിെൻറ ഭംഗി പകർത്തിയ സിനിമയുടെ വരവ്.
കറുവാക്കുളം ഗ്രാമത്തിെൻറ ദൃശ്യഭംഗി തെന്നിന്ത്യന്‍ സിനിമയിൽ എന്ന ആവേശത്തിൽ എല്ലാവരും രാഷ്ട്രീയം മറന്നു, തെരഞ്ഞെടുപ്പും. പ്രചാരണ തിരക്കിനിടയിലും വോട്ടർമാരും സ്ഥാനാർഥികളും 'കടത്തല്‍ക്കാരന്‍' എന്ന തമിഴ് സിനിമ ചർച്ച ചെയ്യാൻ ഒത്തുകൂടി. ചിത്രത്തിെൻറ റിലീസിങ് വേളയിൽ ഞായറാഴ്്ചയായിരുന്നു സ്ഥാനാർഥികളടക്കം എത്തിയത്. വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ 17ാം വാർഡായ കറുവാക്കുളത്തിെൻറ മനോഹരിതയും പ്രകൃതിഭംഗിയും പകർത്തിയിരിക്കുകയാണ് തമിഴ് സിനിമയിൽ. സിനിമയെയും നായിക നടന്മാരെയും അളവറ്റു സ്നേഹിക്കുന്ന തമിഴ് ജനത തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് കറുവാക്കുളം. അതുകൊണ്ടുതന്നെ പ്രചാരണ ചൂടിനിടയിലും സ്ഥാനാർഥികളുടെയും വോട്ടർമാരുടെയും ചർച്ച കടത്തൽക്കാരൻ സിനിമയിൽ ഒതുങ്ങി. വോട്ടർമാരുടെ മനസ്സറിഞ്ഞായിരുന്നു സ്ഥാനാർഥികളുടെ നിൽപ്. സിനിമ കറുവാക്കുളത്തിനു വരുത്താൻപോകുന്ന പ്രശസ്തിയും അതുവഴി ഉണ്ടാകുന്ന നേട്ടങ്ങളും പറഞ്ഞ് വാചാലരായി സ്ഥാനാർഥികൾ.
യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ വി. തിരുകൃഷ്ണനും എൽ.ഡി.എഫ് സ്ഥാനാർഥി എസ്. കറുപ്പുസ്വാമിയും ബി.ജെ.പി സ്ഥാനാർഥി രാജലിംഗവും സ്ഥലത്ത് ഹാജർ. ഒരു വലിയകുളവും അതിനു ചുറ്റിലുമായി ഇരുനൂറോളം കുടുംബവും താമസിക്കുന്ന ഇവിടം മുമ്പ് കടുവാക്കുളം എന്നാണ് അറിയപ്പെട്ടിരുന്നത്. കറുവാക്കുളം ദേവീക്ഷേത്രം സമീപത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ പ്രദേശവാസികള്‍ ഇവിടുത്തെ കുളം പരിപാവനമായാണ് കാത്തുസൂക്ഷിക്കുന്നത്. തമിഴ് നാട്ടിലെ തിരുട്ടുഗ്രാമത്തിെൻറ കഥ പറയുന്ന കടത്തല്‍ക്കാരന്‍ സിനിമയുടെ ഭൂരിഭാഗവും കറുവാക്കുളത്താണ് ചിത്രീകരിച്ചത്. ചിത്രത്തില്‍ തമിഴ് താരങ്ങള്‍ക്കൊപ്പം ഹൈറേഞ്ചിലെ നിരവധി കലാകാരന്മാരും വേഷമിട്ടിട്ടുണ്ട്. കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വയനാട് സ്വദേശിയായ കെവിന് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി ഫെയിം രേണുസൗന്ദറാണ് നായിക. കട്ടപ്പന സ്വദേശിനി ശ്യാമ സൂര്യാലാല്‍ ഉപനായികയായി അഭിനയിച്ച സിനിമയില്‍ ഉപനായകന്മാരായി ബാബു റഫീഖ്, സൂര്യലാല്‍ കട്ടപ്പന, മുഹമ്മദ് ഹനീഫ, വിനു മാമ്മൂട്, രുക്മിണി ബാബു എന്നിവരാണ്. എഫ് ത്രീ ഫിലിംസിെൻറ ബാനറില്‍ എസ്. കുമാര്‍ കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിെൻറ കാമറ കൈകാര്യം ചെയ്തത് എസ്. ശ്രീറാമാണ്. കറുവാക്കുളത്തിനു പുറമെ ചെന്നൈ, കമ്പം, തേനി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. കറുവാക്കുളം മേഖലയിലെ ഭൂരിഭാഗം ആളുകളും ചിത്രത്തിെൻറ ഭാഗമായിട്ടുണ്ട്. കോമഡിയും സംഘട്ടനവും സസ്പെന്‍സും നിറഞ്ഞുനില്ക്കുന്ന ചിത്രം തമിഴ്നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. വോട്ടെടുപ്പ് കഴിഞ്ഞാൽ ചിത്രം കാണാൻ തമിഴ്നാട്ടിലേക്ക് ഒഴുകാൻ തയാറെടുക്കുകയാണ് കറുവാക്കുളത്തുകാർ. ഞായറാഴ്ചത്തെ പ്രചാരണ പ്രവർത്തനം ഒഴിവാക്കി തമിഴ്നാട്ടിൽ പോയി സിനിമകണ്ട് മടങ്ങിവന്ന യുവവോട്ടർമാർ ഏറെയുണ്ട് ഇവിടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.