അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ പാസ്; എതിർപ്പുമായി കെ.എസ്.ഇ.ബിയും വനംവകുപ്പും
text_fieldsകട്ടപ്പന: അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ പ്രവേശനത്തിന് പാസ് ഏർപ്പെടുത്താനുള്ള അയ്യപ്പൻ കോവിൽ പഞ്ചത്തായത്തിെൻറ നീക്കത്തിനെതിരെ കെ.എസ്.ഇ.ബിയും വനംവകുപ്പും. തൂക്കുപാലത്തിൽ കയറാനും സമീപത്ത് വാഹനങ്ങൾ പാർക്കുചെയ്യാനുമാണ് ഫീസ് ഈടാക്കാൻ അയ്യപ്പൻകോവിൽ പഞ്ചായത്ത് നീക്കം നടക്കുന്നത്. നാട്ടുകാരും പുരാതന അയ്യപ്പൻകോവിൽ ധർമശാസ്ത ക്ഷേത്ര ഭാരവാഹികളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
പ്രദേശവാസികളുടെ സഞ്ചാരത്തിന് തടസ്സം ഉണ്ടാകില്ലെന്നും അവരിൽനിന്ന് ഫീസ് ഈടാക്കില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചെങ്കിലും നാട്ടുകാർ മുഖവിലക്കെടുത്തിട്ടില്ല. തൂക്കുപാലം അപകടാവസ്ഥയിൽ ആയതിനാൽ സുരക്ഷ ജീവനക്കാരനെ നിയോഗിച്ച് പാലത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ ജില്ല ഭരണകൂടം പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു. തുടർന്നാണ് സുരക്ഷ ജീവനക്കാരനെ നിയോഗിക്കുന്നതിനൊപ്പം പാലം സന്ദർശിക്കാൻ എത്തുന്നവരുടെ വാഹന പാർക്കിങ്ങിനും പാലത്തിൽ കയറുന്നതിനും ഫീസ് ഈടാക്കാൻ നീക്കം ആരംഭിച്ചത്. പ്രദേശവാസികളുടെ വീടുകളിലേക്ക് എത്തുന്ന ബന്ധുക്കളുടെയും ക്ഷേത്രത്തിലേക്ക് എത്തുന്നവരുടെയും വാഹനങ്ങൾ പാർക്കുചെയ്യാനും പാലത്തിൽ കയറാനുമെല്ലാം ഫീസ് നൽകേണ്ടിവരുമെന്നതാണ് പ്രതിഷേധത്തിനുകാരണം. ക്ഷേത്രത്തിലേക്ക് എത്തുന്നവരാണെങ്കിലും പാലത്തിൽ കയറി ഫോട്ടോ എടുക്കുന്നതിനും മറ്റും ഫീസ് നൽകേണ്ടിവരുമെന്നാണ് പഞ്ചായത്ത് നിലപാട്.
തൂക്കുപാലത്ത് അടിസ്ഥാന സൗകര്യം ഒരുക്കാതെ ഫീസ് ഈടാക്കാൻ നീക്കം നടത്തുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ശുചിമുറിയോ മറ്റ് സൗകര്യങ്ങളോ ഇവിടെയില്ല. ശുചിമുറി കോംപ്ലക്സ് നിർമിക്കാൻ 38 ലക്ഷം അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും പണി ആരംഭിച്ചിട്ടില്ല. മുമ്പ് ഇവിടെ ശുചിമുറി നിർമിക്കാനുള്ള നീക്കം കെ.എസ്.ഇ.ബിയുടെ എതിർപ്പിനെ തുടർന്ന് പാളിയിരുന്നു. ഇടുക്കി ജലാശയത്തിെൻറ ഭാഗമായ തൂക്കുപാലം മേഖല കെ.എസ്.ഇ.ബിയുടെ അധീനതയിലും ശേഷിക്കുന്ന ഭാഗം ഇടുക്കി വന്യജീവി സങ്കേതത്തിെൻറ ഉടമസ്ഥതയിലുമാണ്. പാർക്കിങ്ങിനായി താൽക്കാലിക ക്രമീകരണം ഒരുക്കുന്നതിൽ തടസ്സമില്ലെങ്കിലും ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ അധികൃതരുടെ നിലപാട്.
ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ വന്യജീവി വകുപ്പും എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഫീസ് ഈടാക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്ന് ധർമശാസ്ത ക്ഷേത്രം പ്രസിഡൻറ് പി.എൻ. വിനോദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.