ഹൈറേഞ്ചിൽ കുരുമുളക് സീസൺ; ഞെട്ടറ്റ് വീഴുമോ ‘കറുത്ത പൊന്ന്’ ?
text_fieldsകട്ടപ്പന: ഹൈറേഞ്ചിന്റെ മല മടക്കുകളിൽ കുരുമുളകിന്റെ വിളവെടുപ്പ് സീസൺ സജീവമാണെങ്കിലും വിളവെടുക്കാൻ തൊഴിലാളികളെ കിട്ടാത്തത് പല മേഖലയിലും കർഷകർക്ക് തിരിച്ചടിയായി. കുരുമുളക് വിളവെടുപ്പ് തൊഴിൽ വർഷങ്ങളായി ചെയ്തിരുന്ന പലരും ആ തൊഴിൽ ഉപേക്ഷിക്കുകയോ മറ്റ് തൊഴിലുകളിലേക്ക് മാറുകയോ ചെയ്തു.
ഉയരമുള്ള കുരുമുളക് ചെടിയുടെ താങ്ങുകാലിൽ മുള ഏണിയും ഇരുമ്പ് ഏണിയും ചാരി വെച്ച് അതിൽ കയറിയാണ് വിളവെടുക്കുന്നത്. കുരുമുളക് ചെടികൾ വ്യാപകമായി നശിക്കുകയും പലരും കൃഷിതന്നെ ഉപേക്ഷിച്ച് ഏല കൃഷിയിലേക്ക് മാറുകയും ചെയ്തതോടെ പരമ്പരാഗതമായി ആ തൊഴിൽ ചെയ്തു വന്നിരുന്നവർ മറ്റു തൊഴിലുകളിലേക്ക് മാറി. ഏണിയിൽ കയറി കുരുമുളക് പറിച്ച് അരയിൽ കെട്ടിയുറപ്പിച്ച് ചാക്കിൽ നിക്ഷേപിച്ചാണ് കർഷകർ കുരുമുളക് വിളവെടുക്കുന്നത്. മുമ്പ് പച്ചക്കുരുമുളക് പറിച്ചു വിൽക്കുന്ന പ്രവണത കർഷകർക്കിടയിൽ കൂടുതലായിരുന്നു. എന്നാൽ തൊഴിലാളികളെ യഥേഷ്ടം ലഭിക്കാത്തതിനാൽ അച്ചാർ ആവശ്യത്തിന് കുരുമുളക് പറിച്ചു വിൽക്കുന്ന പ്രവണത ഈ വർഷം കുറവാണ്.
തന്നെയുമല്ല കുരുമുളകിന്റെ ആഭ്യന്തര, അന്താരാഷ്ട വില ഉയരുന്ന സാഹചര്യത്തിൽ കുരുമുളക് ഉണക്കി സൂക്ഷിച്ച് കൂടുതൽ വില ഉയരുമ്പോൾ വിൽക്കാനാണ് കർഷകർക്ക് താല്പര്യം.
എന്തുചെയ്യുമെന്നറിയാതെ...
കുരുമുളക് ചെടിയിൽ നിന്ന് മുളക് നുള്ളിയാണ് എടുക്കുന്നത്. വലിച്ചുപറിച്ചാൽ കുരുമുളക് നഷ്ടപ്പെടുകയും, ചിലപ്പോൾ ചെടിയിൽ നിന്ന് ശാഖകൾ അടർന്നുപോകുകയും ചെയ്യും.
ഇത് കനത്ത നഷ്ടത്തിന് ഇടയാക്കും. അതിനാൽ കുരുമുളക് വിളവെടുപ്പ് അറിയാവുന്ന വിദഗ്ദ തൊഴിലാളികളെ കൊണ്ട് വിളവെടുക്കുന്നതിലാണ് കർഷകർക്ക് താല്പര്യം. നാട്ടുകാരായ തൊഴിലാളികളെ ആവശ്യത്തിന് കിട്ടാത്തതിനാൽ ഒട്ടുമിക്ക കർഷകരും സ്വന്തമായി വിളവെടുക്കാനുള്ള പരിശ്രമത്തിലാണ്.
ഇത് വിളവെടുപ്പ് വൈകിപ്പിക്കും. കൂടുതൽ പ്രദേശത്ത് കൃഷിയുള്ളവരാണ് വിഷമിക്കുന്നത്.
ഉൽപാദനത്തിൽ 40 ശതമാനത്തിന്റെ ഇടിവ്
ഈ വർഷം കാലാവസ്ഥ വ്യതിയാനവും രോഗബാധയും മൂലം ഉല്പാദനത്തിൽ 40 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിട്ടുണ്ട്. ഉല്പാദനം കുറയുമെന്ന സൂചനകൾ പുറത്തു വന്നതോടെ കറുത്ത പൊന്നിന്റെ വില ഉയരുകയാണ്. ഒരു മാസത്തിനിടെ വിലയിൽ 55 രൂപയുടെ വർധനവ് ഉണ്ടായി.
ഒരു മാസം മുമ്പ് കിലോഗ്രാമിന് 610 രൂപയായിരുന്ന കുരുമുളകിന് വില 665 രൂപയിലേക്കാണ് ഉയർന്നത്. കിലോഗ്രാമിന് ശരാശരി 55 രൂപയുടെ വർധനവാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത്. വരും ദിവസങ്ങളിൽ വില ഇനിയും മെച്ചപ്പെടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കുരുമുളക് വിപണിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കട്ടപ്പന മാർക്കറ്റിൽ കിലോഗ്രാമിന് 650 മുതൽ 665 രൂപയിലേക്ക് വരെ കുരുമുളക് വില വാങ്ങാൻ ആളുണ്ടായിരുന്നു .
കൊച്ചി മാർക്കറ്റിൽ ക്വിന്റലിന് 66600 രൂപ വരെ വിലയുണ്ടായിരുന്നു. ഒരു മാസം മുമ്പ് കിലോഗ്രാമിന് ആഭ്യന്തര മാർക്കറ്റിലും കുരുമുളകിന്റെ വില ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഇന്ത്യൻ കുരുമുളകിന്റെ ഉൽപാദനം ഇടിഞ്ഞതും നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കള്ളക്കടത്തായി വന്നിരുന്ന കുരുമുളകിന്റെ വരവു കുറഞ്ഞതും ആഭ്യന്തര മാർക്കറ്റിൽ വില ഉയരാൻ ഇടയാക്കി. മൂല്യവർധിത ഉൽപന്നമാക്കാൻ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് 2500 ടൺ ഇറക്കുമതി ഇപ്പോഴും നടക്കുന്നുണ്ട്. ഇന്തോനേഷ്യ, ബ്രസീൽ, ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ വർഷം ഉല്പാദനം കുറയുകയും വില ഉയരുകയും ചെയ്തത് ഇന്ത്യൻ മാർക്കറ്റിൽ കുരുമുളക് വില ഉയർത്തി. ഇപ്പോഴത്തെ വില വർധനവ് തുടരുമെന്ന സൂചനകളാണ് കച്ചവടക്കാരും നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.