പെരിയാര്‍ തീരം കൈയേറി വീണ്ടും നിര്‍മാണം
text_fieldsകട്ടപ്പന: സ്റ്റോപ് മെമ്മോ അവഗണിച്ച് കെ.ചപ്പാത്തിൽ പെരിയാര്‍ തീരം കൈയേറി വീണ്ടും നിര്‍മാണം. മഴയുടെ മറവിലാണ് വ്യാഴാഴ്ച മുതല്‍ രണ്ട് സ്ഥലത്ത് വീണ്ടും നിര്‍മാണം ആരംഭിച്ചത്. വില്ലേജില്‍നിന്ന് നല്കിയ സ്റ്റോപ് മെമ്മോ അവഗണിച്ചാണ് രണ്ട് കെട്ടിടങ്ങളുടെയും നിര്‍മാണം നടക്കുന്നത്. റവന്യൂ-പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൈയേറ്റ സ്ഥലത്ത് വീണ്ടും നിര്‍മാണം നടക്കുന്നതെന്ന് സമീപവാസികൾ പറയുന്നു. ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ വൃഷ്ടിപ്രദേശമായ കെ.ചപ്പാത്തില്‍ മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ പെരിയാര്‍ കൈയേറി ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണസമിതിയുടെ ഉറപ്പിലാണ് നിര്‍മാണം ആരംഭിച്ചതെന്നാണ് സൂചന. റവന്യൂ വകുപ്പിലെ ഉന്നതര്‍ ഇതിനായി ഒത്താശ ചെയ്തതായും ആരോപണമുണ്ട്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജില്ല ഭരണകൂടം ഇടപെട്ട് വില്ലേജില്‍നിന്നും പഞ്ചായത്തില്‍നിന്നും നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഇരുകക്ഷികള്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. നിര്‍മാണം നിര്‍ത്തിവെച്ചെങ്കിലും രണ്ടുദിവസമായി വീണ്ടും ഇവിടങ്ങളില്‍ നിര്‍മാണം ആരംഭിക്കുകയായിരുന്നു. കെ.ചപ്പാത്ത് പരപ്പ് മേഖലയില്‍ പെരിയാര്‍ കൈയേറി നിരവധി കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പെരിയാറിലെ നീരൊഴുക്ക് തടസ്സപ്പെടുന്ന തരത്തില്‍ മണ്ണിട്ട് പുഴ നിരത്തുന്നുമുണ്ട്. വ്യാപകമായി പുഴ മണ്ണിട്ട് നികത്തുന്നത് തുടര്‍ന്നിട്ടും വില്ലേജ് അധികൃതരോ പഞ്ചായത്ത് അധികൃതരോ അനങ്ങുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.