അടിയാധാരത്തിൽ തോട്ടം ഭൂമി; ദുരിതത്തിൽ കർഷകർ
text_fieldsകട്ടപ്പന: അടിയാധാരത്തിൽ തോട്ടം ഭൂമിയെന്ന് രേഖപ്പെടുത്തിയത് മൂലം വലഞ്ഞ് കർഷകർ. നിയമക്കുരുക്ക് കാരണം പട്ടയഭൂമിയുടെ കരമടക്കാൻ സാധിക്കുന്നില്ല. ബാങ്ക് വായ്പ പുതുക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. ഉപ്പുതറയിലെ കർഷകരാണ് ദുരിതം അനുഭവിക്കുന്നത്. ആറ് സർവേ നമ്പറുകളിലെ ഭൂമിയുടെ കരം സ്വീകരിക്കൽ, പോക്കുവരവ്, തൽസ്ഥിതി ഉൾപ്പെടെ ഒരു നടപടിയും നടക്കുന്നില്ല. വായ്പയെടുക്കാനോ, പുതുക്കാനോ സാധിക്കുന്നില്ല. പഴയ വായ്പയിൽ ബാങ്കുകൾ ജപ്തി നടപടി തുടങ്ങിയതോടെ എന്തുചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് കർഷകർ. വീട്, വ്യവസായ സംരംഭങ്ങൾ തുടങ്ങി എല്ലാ നിർമാണത്തിനും അനുമതി നിഷേധിച്ചിരിക്കുകയാണ്. സർഫാസി നിയമപ്രകാരമുള്ള നടപടിയായതിനാൽ കോടതിയും കൈമലർത്തുന്നു.
തോട്ടം ഭൂമി തരം മാറ്റൽ സംബന്ധിച്ച ഗവ. ലാൻഡ് റിസംപ്ഷൻ സ്പെഷൽ ഓഫിസർ രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2015 ഫെബ്രുവരി 23ന് ലാൻഡ് റവന്യൂ സെക്രട്ടറിയാണ് കരം സ്വീകരിക്കുന്നതു തടഞ്ഞ് ഉത്തരവിറക്കിയത്. തോട്ടം ഭൂമി മുറിച്ചു വിൽക്കരുതെന്ന അടിയാധാരത്തിലെ വ്യവസ്ഥയുടെ പേരിൽ 1963ലെ ഭൂപരിഷ്കരണ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലാൻഡ് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ്. ഇതോടെ 338, 274, 917, 794, 800, 594 എന്നീ ആറ് സർവേ നമ്പറുകളിലെ ഭൂമിയാണ് ഉത്തരവിന് വിധേയമായത്. 1949ന് മുമ്പ് കമ്പനിയിൽനിന്ന് വിലകൊടുത്തു വാങ്ങി കരമടച്ച് ക്രയവിക്രയം നടത്തിവന്ന ഭൂമിയാണിത്. അടിയാധാരത്തിൽ ഇത്രയും ഭൂമി കുറവു ചെയ്യുന്ന നയപരമായ സർക്കാർ തീരുമാനം ഉണ്ടായാൽ പ്രശ്നത്തിന് പരിഹാരമാകും. എന്നാൽ ഭരണ-പ്രതിപക്ഷ കക്ഷി പ്രതിനിധികൾ മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരെ കണ്ട് നിവേദനം നൽകുകയും 60 ദിവസം കുട്ടിൽകെട്ടി സമരം നടത്തുകയും ചെയ്തിട്ടും സർക്കാർ നടപടി വൈകുകയാണ്. ജപ്തി നടപടി ബാങ്കുകൾ തുടങ്ങിയത് ആത്മഹത്യയുടെ വക്കിലാക്കിയിരിക്കുകയാണ് പല കർഷകരെയും. തോട്ടം ഉടമ കോടതിയെ സമീപിച്ചതോടെ കോടതി വ്യവഹാരത്തിലുംപെട്ട് കരമടക്കൽ പ്രശ്നം നീളുന്നു. സർക്കാർ നടപടികൾ പലപ്പോഴും തോട്ടം ഉടമകൾക്ക് സഹായകരമാകുന്നെന്ന ആരോപണവും നിലവിലുണ്ട്.
‘സാമ്രാജ്യത്വ ദാസ്യവേല ഇടതുപക്ഷം അവസാനിപ്പിക്കണം’
തൊടുപുഴ: സി.എച്ച്.ആർ വിഷയമടക്കം വനവുമായി ബന്ധപ്പെട്ട് ഉണ്ടായ മുഴുവൻ പ്രശ്നങ്ങളും അന്താരാഷ്ട്ര കോർപറേറ്റുകൾവെച്ചുനീട്ടിയ എച്ചിൽപണത്തിന് വേണ്ടി ഇടതു സർക്കാർ നടത്തിയ ഇടപാടുകൾ മൂലമാണ് ഉണ്ടായിട്ടുള്ളതെന്ന് അതിജീവന പോരാട്ടവേദി. വി.എസ് സർക്കാറിന്റെ കാലത്തും ഒന്നുംര ണ്ടും പിണറായി സർക്കാറുകളുടെ കാലത്തും ഇറക്കിയ വനവിജ്ഞാപനങ്ങൾ മാത്രം പരിശോധിച്ചാൽ മാത്രം ഇക്കാര്യം വ്യക്തമാകും. 2021 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ റിപ്പോർട്ടിൽപോലും 9679 സ്ക്വയർ കി.മി വനമെന്നു വ്യക്തമായി പറയുന്നിടത്ത് കേരള ഫോറസ്റ്റിന്റെ സർവേ റിപ്പോർട്ടിൽ 11,533 ആയത് എങ്ങനെയെന്ന് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.എം.എം. മണി പാർട്ടി സെക്രട്ടേറിയറ്റിലും മന്ത്രിസഭയിലും ഇരിക്കുമ്പോൾ നടന്ന ഇത്തരം നടപടികളെ ചോദ്യംചെയ്യാനോ തിരുത്തിക്കാനോ ശ്രമിക്കാതെ ഇപ്പോൾ നടത്തുന്ന സമര നാടകങ്ങളും പ്രഖ്യാപനങ്ങളും ജനവഞ്ചനയുടെ ആവർത്തനമാണെന്ന് അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലി ആരോപിച്ചു.
ജനകീയ പ്രതിഷേധ സംഗമം നടത്തി
കട്ടപ്പന: കല്യാണത്തണ്ടിലെ കുടിയിറക്ക് ഭീഷണിക്കെതിരെ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ സംഗമത്തിൽ കുടിയിറക്കിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു. റവന്യൂ അധികൃതർ സർക്കാർവക ഭൂമിയെന്ന ബോർഡ് സ്ഥാപിച്ചതോടെ കല്യാണത്തണ്ടിൽ താമസിക്കുന്ന കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുകയാണ്.
കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60ൽ സർവേ നമ്പർ 19 ഉൾപ്പെട്ട സർക്കാർവക പുല്ലുമേട് എന്ന് റെക്കോഡുകളിൽ രേഖപ്പെടുത്തിയ 37 ഏക്കർ റവന്യൂ പുറമ്പോക്കിൽ താമസിക്കുന്ന 43 കുടുംബത്തെ ഇറക്കിവിട്ട് ഇവിടം റിസർവ് വനമാക്കി പ്രഖ്യാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബോർഡ് സ്ഥാപിക്കൽ എന്നാണ് കരുതുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കൂം മൂട്ടിൽ അധ്യക്ഷത വഹിച്ചു. തോമസ് മൈക്കിൾ, ജോസ് മുത്തനാട്ടു, ബിജു ചക്കുംച്ചിറ, നോബിൾ, മേരി ദാസൻ, പി.ജെ. ബാബു, രാജു വെട്ടിക്കൽ, റെജി മാത്യു, കെ.എസ്. സജീവ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ ഭൂപ്രശ്നം: എം.എം. മണിയുടെ ശ്രമം തടിതപ്പാൻ -യു.ഡി.എഫ്
കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സർക്കാറിനെ വിമർശിക്കുന്നത് കണ്ണിൽപൊടിയിട്ട് തടിയൂരാനുള്ള ശ്രമമാണെന്നും യു.ഡി.എഫ് ജില്ല ചെയർമാൻ വെട്ടിക്കുഴി പറഞ്ഞു. സർക്കാറിന്റെ ഭൂവിഷയവുമായി ബന്ധപ്പെട്ട ഉത്തരവുകൾ, വകുപ്പുതല തീരുമാനങ്ങൾ, ഹൈറേഞ്ചിലെ ഭൂപ്രശ്നങ്ങൾ വഷളാക്കി ജനങ്ങളുടെ സ്വൈരജീവിതം തകർക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മണി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് കെട്ടിട നിർമാണ നിരോധനം ഏർപ്പെടുത്തി ജനങ്ങളെ വഞ്ചിച്ചത്.
മതികെട്ടാൻചോലയുടെ ബഫർസോൺ ഒരു കിലോമീറ്ററാക്കുന്നതിനുള്ള മന്ത്രിസഭ തീരുമാനത്തിൽ ഒപ്പിട്ട മണിക്ക് അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ചിന്നക്കനാലിലെ റവന്യൂ ഭൂമി വനഭൂമിയാക്കി മാറ്റിയ സർക്കാർ ഉത്തരവ് മരവിപ്പിച്ചു എന്ന് സമരസമിതിയുടെ പന്തലിൽവെച്ച് പ്രഖ്യാപനം നടത്തിയ മുൻ മന്ത്രി ഈ നിജസ്ഥിതി വ്യക്തമാക്കണം.
താൻ താമസിക്കുന്ന കുഞ്ചിത്തണ്ണി വില്ലേജിലെ റവന്യൂഭൂമി വനഭൂമിയാക്കിയതിനെ പോലും ചെറുക്കാൻ കഴിയാത്ത എം.എം. മണി കഴിവില്ലായ്മ മറച്ചുവെക്കുന്നതാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.