പ്രകൃതി സൗഹൃദ മുളവീട് നിർമിച്ച് രതീഷ്
text_fieldsകട്ടപ്പന: പ്രകൃതിസൗഹൃദ മുളവീട് നിർമിച്ച് മാതൃകയാകുകയാണ് കൽത്തൊട്ടി അരിയപ്പാറയിൽ രതീഷ്. സ്വന്തമായി വീടില്ലാത്തതിനാൽ എങ്ങനെയെങ്കിലും വീട് നിർമിക്കണമെന്ന ആഗ്രഹത്തിലാണ് 20 സെൻറ് സ്ഥലം വാങ്ങിയത്. ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടെപ്പട്ടതോടെ പണച്ചെലവുള്ള വീട് നിർമാണം വെല്ലുവിളിയായി.
ആലോചനക്കൊടുവിൽ മുളയുപയോഗിച്ച് കുറഞ്ഞ ചെലവിൽ സ്വപ്നവീട് നിർമിക്കണമെന്ന് തീരുമാനിച്ചു. സ്വീകരണ മുറി ഉൾപ്പെടെ മൂന്ന് മുറികളാണ് ഉള്ളത്. കട്ടിലുകളും ഇരിപ്പിടങ്ങളുമെല്ലാം മുളയിലാണ്. മുറ്റത്ത് ചെടികൾ നട്ടിരിക്കുന്നതും മുളയുടെ കുറ്റികളിലാണ്.
റോഡിൽനിന്ന് മുറ്റത്തേക്ക് ഇറങ്ങുന്ന വഴിയുടെ ഇരുവശവും മുളയുടെ കുറ്റികൾകൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. 25,000 രൂപയാണ് ചെലവായത്. അച്ചൻകോവിലിലെ ഒരു സുഹൃത്തിെൻറ വീടാണ് പ്രചോദനമായത്. മുളവീട് എന്ന ആശയത്തിന് ഭാര്യ സവിതയും മക്കളായ അശ്വിനും അർജുനും പിന്തുണ നൽകി.
ഉപ്പുതറ കാക്കത്തോട്ടിൽനിന്ന് പാസ് എടുത്ത് മുള എത്തിക്കാനും മേൽക്കൂര മേയാൻ ആവശ്യമായ ഷീറ്റും മറ്റും വാങ്ങാനുമാണ് പണം ചെലവായത്. 150 മുളകൾ ഉപയോഗിച്ച് 17 ദിവസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. അയൽവാസിയായ ബാബുവിെൻറ സഹായവും ലഭിച്ചു.
മണ്ണ് നീക്കം ചെയ്ത് തറകെട്ടിയതും മുള പാകപ്പെടുത്തി എടുത്തതുമെല്ലാം രതീഷ് ഒറ്റക്കാണ്. ഓട്ടോറിക്ഷ ഡ്രൈവിങ്, പെയിൻറിങ്, ലോഡിങ്, തടിപ്പണി തുടങ്ങിയ ജോലികളെല്ലാം ചെയ്താണ് രതീഷ് മുന്നോട്ടുപോകുന്നത്. വീട് തയാറാക്കിയതിെൻറ ബാക്കിയുള്ള ഭാഗത്ത് ഏലം ഉൾപ്പെടെയുള്ള കൃഷികളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.