അമ്പമ്പോ, എന്തൊരു കുഴി...!
text_fieldsകട്ടപ്പന: യാത്രക്കാരുടെ നടുവൊടിക്കുകയാണ് കട്ടപ്പന പഴയ ബസ്സ്റ്റാൻഡിനുള്ളിലെ വലിയ കുഴികൾ. കട്ടപ്പന നഗരത്തിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് പഴയ ബസ്സ്റ്റാൻഡ്. മുമ്പ് ഇത്തരത്തിൽ ഗർത്തങ്ങൾ രൂപപ്പെട്ട് അപകട ഭീഷണിയായപ്പോൾ നഗരസഭ അധികൃതർ താൽക്കാലികമായി കുഴി അടച്ചിരുന്നു.
എന്നാൽ ഇപ്പോൾ വീണ്ടും പഴയ പടിയായി. സ്റ്റാൻഡിൽ കോൺക്രീറ്റ് പാളികളാണ് ഉറപ്പിച്ചിരിക്കുന്നത്. ഇതിൽ കുഴികൾ രൂപപ്പെടുമ്പോൾ മെറ്റലും ടാറും ഉപയോഗിച്ച് അടച്ചാൽ ഫലവത്താകില്ല. അടുത്ത നാളിൽ സ്റ്റാൻഡിൽ വീണ്ടും വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. ഗർത്തങ്ങളിൽ നിന്ന് കോൺക്രീറ്റ് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്. ഗട്ടറുകളിൽ ചാടുന്ന വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതിനും മറ്റു കേടുപാടുകൾ സംഭവിക്കുന്നതിനും ഇത് കാരണമാകുന്നു. മഴ പെയ്യുന്നതോടെ ഗർത്തങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം കാൽനട യാത്രികരുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്. സമീപത്തെ വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പഴയ ബസ് സ്റ്റാൻഡിന് പുറമേ പുതിയ ബസ് സ്റ്റാൻഡിലും ഇതേ പ്രതിസന്ധിയാണുള്ളത്. അടിയന്തരമായി ബസ് സ്റ്റാൻഡിലെ അപകട ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.