കൊച്ചറ മേഖലയിൽ ആടിയുലഞ്ഞ് വൈദ്യുതി തൂണുകൾ; വൻ അപകടസാധ്യത
text_fieldsകട്ടപ്പന: കൊച്ചറ, രാജാക്കണ്ടം മേഖലയിൽ നാലുദിക്കിലേക്കും കടന്നുപോകുന്ന വൈദ്യുതി ലൈനിന്റെ ബലത്തിൽ മാത്രം നിൽക്കുന്ന വൈദ്യുതി തൂണുകൾ വൻ അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേറ്റ് മരിച്ചത് പിതാവും രണ്ടു മക്കളുമാണ്. കൊച്ചറയിലെ വയലാർ നഗർ, ആനക്കണ്ടം, റെഞ്ചുമേട്, പതിവ്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ അനവധി പോസ്റ്റുകളാണ് ഏതുനിമിഷവും നിലംപൊത്താറായി നിൽക്കുന്നത്.
വയലാർ നഗറിലും പരിസരപ്രദേശങ്ങളിലും ഇരുമ്പ് വൈദ്യുതി തൂണുകൾ നശിച്ചു. മേഖലയിൽ വൈദ്യുതി എത്തിയകാലത്ത് സ്ഥാപിച്ച പോസ്റ്റുകളാണ് അധികവും. തടി പോസ്റ്റുകളിൽ മിക്കതും ദ്രവിച്ചതാണ്. ചുവടുഭാഗം തുരുമ്പെടുത്ത് നിൽക്കുന്ന നിരവധി ഇരുമ്പ് പോസ്റ്റുകളുമുണ്ട്.
ആനക്കണ്ടം- പതിവ്കണ്ടം - ചേറ്റുകുഴി റോഡിലാണ് ഏറ്റവും അപകടഭീഷണി ഉയർത്തി പോസ്റ്റുകൾ നിൽക്കുന്നത്. വയലാർ നഗർ കമ്യൂണിറ്റി ഹാളിന് സമീപം രണ്ട് ട്രാൻസ്ഫോർമറുകളുടെ പോസ്റ്റ് ചുവട് ദ്രവിച്ച് ഏതുനിമിഷവും വീഴാവുന്ന സ്ഥിതിയിലാണ്. ഉൾപ്രദേശങ്ങളിലെ അപകടകരമായ പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാതെ സ്റ്റേ കമ്പികൾ ഉപയോഗിച്ച് സമീപത്തെ മരത്തിൽ കെട്ടിനിർത്തിയിരിക്കുന്ന കാഴ്ചയും അപൂർവമല്ല.
കൃഷിഭൂമികളിൽ അപകടഭീഷണി ഉയർത്തി കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവിശ്യം ശക്തമായി. കാർഷിക-തോട്ടം മേഖലകളിൽ വേണ്ടത്ര സുരക്ഷ സംവിധാനങ്ങളില്ലാതെയാണ് വൈദ്യുതി ലൈനുകൾ വലിച്ചിരിക്കുന്നത്. വണ്ടന്മേട്, കരുണാപുരം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ തടി പോസ്റ്റുകളാണ് ഏറെയും. കൊച്ചറയിൽ നടന്ന അപകടം ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞവർഷവും പ്രദേശത്ത് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചിരുന്നു. അപകടങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിൽ കൃഷിഭൂമിയിലൂടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി ലൈനുകൾ സമീപത്തെ പാതയോരങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആർ.വൈ.എഫ് ജില്ല വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.