ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു; ഗതാഗതം നിരോധിച്ചു
text_fieldsകട്ടപ്പന: ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇരട്ടയാർ-തങ്കമണി റോഡിലെ ശാന്തിഗ്രാം പാലത്തിന്റെ ഭിത്തി ഇടിഞ്ഞ് റോഡ് അപകടത്തിലായതോടെ ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ടാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണമായത്. മഴയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നതിനാലാണ് റോഡിലെ ഗതാഗതം നിരോധിച്ചത്. ഇരട്ടയാർ പഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും പൊതുമരാമത്ത് റോഡ്സ്-ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
ഗതാഗതം നിരോധിച്ചതോടെ പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതത്തിലായി. സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. വീതി കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ പാലവും സംരക്ഷണഭിത്തിയുമെല്ലാം പുതുക്കി നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ശാന്തിഗ്രാം പാലത്തിനൊപ്പം ഇരട്ടയാറിൽ നിന്ന് തോവാള ഭാഗത്തേക്കുള്ള പാലവും സമാന സ്ഥിതിയിലാണ്. ഈ രണ്ട് പാലങ്ങളും പുതുക്കി നിർമിക്കാൻ ആറുകോടി രൂപ അനുവദിച്ചതായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ബജറ്റ് പ്രഖ്യാപനം ഉണ്ടായിരുന്നു. ഇത് വ്യക്തമാക്കി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ മണ്ണടിഞ്ഞിട്ടും പാലത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. പൊതുമരാമത്ത് ബ്രിജസ് വിഭാഗം അധികൃതർ സ്ഥലത്തെത്തി പ്രദേശത്ത് നടത്തിയ പരിശോധനക്ക് ശേഷം തയാറാക്കിയ എസ്റ്റിമേറ്റ് സർക്കാറിന് കൈമാറി. എം. എം.മണി എം.എൽ.എ ഇടപെട്ട് 13,85,000 രൂപയുടെ ജോലികൾ നടത്താൻ ഭരണാനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ ഈ പാലം നവീകരിക്കാനായി 9.99 കോടി രൂപയുടെ രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നും ഇത് സർക്കാർ പരിഗണനയിലാണെന്നും എം.എം. മണി എം.എൽ.എയുടെ ഓഫിസിൽ നിന്ന് അറിയിച്ചു.
ഗതാഗത ക്രമീകരണം
കട്ടപ്പന, ഇരട്ടയാർ മേഖലകളിൽ നിന്ന് ചെറുതോണി, തങ്കമണി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഇരട്ടയാർ ടണൽ സൈറ്റ്, നാലുമുക്ക് വഴി പോകണം. പ്രകാശ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ശാന്തിഗ്രാമിൽ നിന്ന് ഇരട്ടയാർ നോർത്ത് വഴി തിരിഞ്ഞുപോകണം. തങ്കമണി മേഖലയിൽ നിന്നുള്ള വാഹനങ്ങൾ നാലുമുക്കിൽ നിന്ന് ഇരട്ടയാർ ടണൽ റോഡ് വഴി കട്ടപ്പനയിലേക്ക് പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.