സ്പൈസസ് പാർക്ക് ഏലം ലേലം അട്ടിമറിച്ചത് ഉത്തരേന്ത്യൻ ലോബി
text_fieldsകട്ടപ്പന: പുറ്റടി സ്പൈസസ് പാർക്കിലെ ഓൺലൈൻ ലേലം അട്ടിമറിക്കാൻ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ കേന്ദ്രീകരിച്ചു ഉത്തരേന്ത്യൻ ലോബി പ്രചാരണം നടത്തിയതായി സൂചന.
സ്വകാര്യ ഓൺലൈൻ ലേലം നടത്തുന്ന കമ്പനികളുമായി ബന്ധമുള്ള ഉത്തരേന്ത്യൻ ലോബിയാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. പുറ്റടി സ്പൈസസ് പാർക്കിൽ നടക്കുന്ന ഓൺലൈൻ ലേലത്തിൽനിന്ന് തമിഴ് വ്യാപാരികളെയും ഏജൻറുമാരെയും മാറ്റിനിർത്താൻ ലക്ഷ്യമിട്ടാണ് പ്രചാരണം നടത്തിയത്. പുറ്റടിയിൽ സ്ഥിരമായി ലേലത്തിനെത്തുന്ന വ്യാപാരികളുടെയും ഏജൻറുമാരുടെയും ഭവനങ്ങളിലും സ്ഥാപനങ്ങളിലും എത്തി പുറ്റടിയിലെ ലേലത്തിനു പോകുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് പറഞ്ഞായിരുന്നു പ്രചാരണം.
പുറ്റടിയിൽ ലേലം നടക്കുമ്പോൾ സാധാരണ ഗതിയിൽ തമിഴ്നാട്ടിൽനിന്ന് 60ഓളം വ്യാപാരികളും ഉത്തരേന്ത്യേൻ വ്യാപാരികളുടെ ഏജൻറുമാരും പങ്കെടുക്കാറുണ്ട്. ഇവർക്ക് യാത്രാപ്പടിയും ടി.എയും നൽകിയാണ് ലേല ഏജൻസികൾ വ്യാപാരികളെ എത്തിച്ചിരുന്നത്. പുറ്റടിയിലെ ലേലം നിലച്ചാൽ സ്വകാര്യ കമ്പനികളുടെ ഓൺലൈൻ ലേലത്തെ മാത്രം ആശ്രയിച്ചായിരിക്കും ഏലക്ക ലേലം നടക്കുക. ഇത് കർഷകർക്ക് തിരിച്ചടിയാകും. ഉത്തരേന്ത്യൻ വ്യാപാരികളുമായി അടുത്ത ബന്ധമുള്ള ലേല ഏജൻസികൾക്ക് സ്വകാര്യ ലേലം നടത്തുന്നത് വലിയ ലാഭം ഉണ്ടാക്കും.
സ്പൈസസ് ബോർഡിെൻറ കീഴിലെ പുറ്റടി സ്പൈസസ് പാർക്കിലെ ലേലത്തിൽ പങ്കെടുക്കണമെങ്കിൽ ലേല ഏജൻസികൾ നാലുകോടി രൂപ ബാങ്ക് ഗാരൻറി നൽകണം. കൂടാതെ വിൽക്കുന്ന ഏലക്കയുടെ തൂക്കത്തിന് ആനുപാതികമായി ടൺ ഒന്നിന് 450 രൂപ വീതം യൂസർ ഫീസും നൽകണം. ലേലത്തിനെത്തുന്ന വ്യാപാരികൾക്കും ഏജൻറുമാർക്കും യാത്രപ്പടിയും ഭക്ഷണവും നൽകണം. സ്വകാര്യ ലേലം നിലവിൽവന്നതോടെ ഇതെല്ലാം ലേല ഏജൻസികൾക്ക് ലാഭമായി.
ഇതു മുതലെടുക്കാനാണ് സ്പൈസസ് ബോർഡിെൻറ പുറ്റടിയിലെ ഓൺലൈൻ ലേലം അട്ടിമറിക്കാൻ തമിഴ്നാട്ടിൽ വ്യാപകമായി പ്രചാരണം നടന്നത്. പുറ്റടിയിലെ ലേലത്തിൽ പങ്കെടുത്തിരുന്ന 12 കമ്പനികളിൽ 11 കമ്പനികളും ബോഡിനായിക്കന്നൂർ കേന്ദ്രീകരിച്ച് സ്വകാര്യ ലേലം തുടങ്ങി.
ഒരു പ്രമുഖ കമ്പനിയുടെ ബോഡിനായ്ക്കന്നൂരിലെ ഗോഡൗൺ, ഓഫിസ്, കമ്പ്യൂട്ടർ സംവിധാനങ്ങൾ വാടകക്കെടുത്താണ് ചില സ്വകാര്യ കമ്പനികൾ ഓൺലൈൻ ലേലം തുടങ്ങിയത്. സ്പൈസസ് ബോർഡ് പുറ്റടി സ്പൈസസ് പാർക്കിൽ ഒരുദിവസവും ബോഡിനായ്ക്കന്നൂരിൽ മറ്റൊരു ദിവസവും എന്ന ക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാറിമാറിയാണ് ലേലം നടത്തിയിരുന്നത്.
ആഴ്ചയിൽ 12 ലേലങ്ങളാണ് നടന്നിരുന്നത്. ഇതിൽ പുറ്റടിയിലെ ലേലം നടക്കുന്ന ദിവസം തമിഴ്, ഉത്തരേന്ത്യൻ വ്യാപാരികൾ കേരളത്തിലെത്തി ലേലത്തിൽ പങ്കെടുക്കുകയായിരുന്നു പതിവ്. പുറ്റടിയിലെ ലേലം നിലച്ചാൽ ഇനി വ്യാപാരികൾക്ക് കേരളത്തിലേക്ക് വരേണ്ടിവരില്ല. ഇത് കേരളത്തിലെ ഏലം കർഷകരെ സ്വകാര്യ കമ്പനികളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഏലക്ക വിൽക്കാൻ നിർബന്ധിതരാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.