കട്ടപ്പനയിൽ അഞ്ചു ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
text_fieldsകട്ടപ്പന: വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ അഞ്ചു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെ രാജധാനി, ഹിൽഡ എന്നീ രണ്ട് കാന്റീനുകൾ, സാഗര ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഹിമ, ഐ.ടി.ഐ ജങ്ഷനിലെ ഹോട്ടൽ റാണി, ശിവരാജ എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷണം പിടികൂടിയത്.
ദിവസങ്ങൾ പഴകിയ പോത്തിറച്ചി, മീൻവറുത്തത്, പൊറോട്ട, മസാല ദോശക്കുള്ള വിഭവങ്ങൾ, ബിരിയാണി, മറ്റു കറികൾ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ച ആരോഗ്യ വിഭാഗം ഹോട്ടലുടമകളിൽനിന്ന് 1000 രൂപ പിഴയീടാക്കി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ എൻ.കെ. അജിത്കുമാർ, ജുവാൻ ഡി.മേരി, കെ.എസ്. അനുപ്രിയ, ജി.പി. സൗമ്യനാഥ് എന്നിവരാണ് പരിശോധന നടത്തിയത്.
എന്നാൽ, ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ച സംഭവത്തിൽ നിസ്സാര ഫൈൻ മാത്രം ഈടാക്കി നടപടി നാമമാത്രമാക്കിയതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന കാര്യക്ഷമമല്ലെന്നും പേരിനു മാത്രം നടപടി എടുക്കുന്നുവെന്നുമാണ് ആരോപണം. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ കാര്യത്തിൽ നടപടി സ്വീകരിക്കുന്നുമില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.