പെരിയാര്‍ തീരം കൈയേറി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് സ്റ്റോപ് മെമ്മോ
text_fieldsകട്ടപ്പന: കെ. ചപ്പാത്തില്‍ പെരിയാര്‍ തീരം കൈയേറി സ്വകാര്യ വ്യക്തികൾ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. നിര്‍മാണം പുരോഗമിക്കുന്ന രണ്ട് കെട്ടിടങ്ങളുടെയും പണി അടിയന്തരമായി നിര്‍ത്തിവെക്കാന്‍ റവന്യൂ വകുപ്പ് സ്വകാര്യ വ്യക്തികൾക്ക് നോട്ടീസ് നല്കി. കെ. ചപ്പാത്ത് മുതല്‍ പരപ്പ് വരെയുള്ള ഭാഗത്ത് മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ നിര്‍മാണം നടക്കുന്ന മൂന്ന് കെട്ടിടങ്ങള്‍ക്ക് അയ്യപ്പന്‍കോവില്‍ പഞ്ചായത്തും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇതോടെ നിലവില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണങ്ങള്‍ താല്കാലികമായി നിർത്തിയെങ്കിലും വീണ്ടും ഇതേ സ്ഥലങ്ങളില്‍ നിര്‍മാണം നടക്കാനുള്ള സാധ്യതയുണ്ട്. മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവിലാണ് കെ. ചപ്പാത്ത് ടൗണില്‍ ബഹു നില കെട്ടിടം കെട്ടിപ്പൊക്കിയത്. പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും മൗനാനുവാദത്തോടെയാണ് റോഡ് നിര്‍മാണത്തിന്റെ മറവില്‍ പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തുന്ന തരത്തില്‍ നിര്‍മാണം നടത്തുന്നത്. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിന് തൊട്ടടുത്ത് മറ്റൊരു സ്വകാര്യ വ്യക്തി പുഴയിലേക്ക് ഇറക്കി കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ബീമുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
ബഹുനില കെട്ടിടം നിര്‍മിക്കുന്നതിനാണ് ഇവിടെയും ശ്രമം തുടങ്ങിയത്. പ്രദേശത്തെ ഭരണകക്ഷി രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലത്തില്‍ രാത്രിയും പകലുമായി നടന്ന അനധികൃത നിര്‍മാണത്തെ സംബന്ധിച്ച് പരാതി ഉയർന്നതിന് പിന്നാലെ റവന്യൂ വകുപ്പ് ഇടപെടുകയായിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് വില്ലേജ് ഓഫിസില്‍ നിന്നും കെട്ടിട നിര്‍മാണങ്ങള്‍ തടഞ്ഞ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാൽ അവധി ദിവസങ്ങളുടെയും രാത്രിയുടെയും മറവിൽ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കൈയേറ്റക്കാരുടെ നീക്കമെന്നും സുചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.