കണ്ണംപടിയിലും രാജാക്കാടും തെരുവുനായ് ആക്രമണം; ആറുപേർക്ക് പരിക്ക്
text_fieldsകട്ടപ്പന-അടിമാലി: ജില്ലയിൽ കട്ടപ്പനക്ക് സമീപം കണ്ണംപടിയിലും അടിമാലിക്ക് സമീപം രാജാക്കാടും പേപ്പട്ടിയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്ക്. ഉപ്പുതറ കണ്ണമ്പടി കിഴുകാനത്ത് പേപ്പട്ടി ആക്രമണത്തിൽ കണ്ണമ്പടി കിഴുകാനം സ്വദേശികളായ കിഴുകാനം ഇലുങ്കൽ ഗോവിന്ദൻ (57), വാക്കത്തി പുത്തൻ പുരക്കൽ രാഹുൽ (17), മുല്ലകാലായിൽ അശ്വതി (22), മുല്ലപതാലിൽ രമണി (55), കാഴുകാനം മൂലയിൽ രാഗിണി ചന്ദ്രൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അശ്വതി ഒഴികെയുള്ളവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്വതിയെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. ഗോവിന്ദന്റെ കാലിന് കടിയേറ്റ് മാരകമായി പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.
സുഹൃത്തിന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു രാഹുലിനെയാണ് തെരുവുനായ് ആദ്യം ആക്രമിച്ചത്. തൊട്ടുപിന്നാലെ സമീപത്തെ വീട്ടിലേക്കുകയറിയ നായ് രാഗിണി ചന്ദ്രനെ ആക്രമിച്ചു. രാഗിണിയുടെ കൈക്കാണ് കടിയേറ്റത്. വീടിനു പിന്നിൽനിന്ന ഇലവുങ്കൽ ഗോവിന്ദന് നേരെയായിരുന്നു തുടർന്ന് അക്രണം. വീട്ടിൽനിന്ന് കടയിലേക്ക് പോകുംവഴിയാണ് അശ്വതിക്കുനേരെ ആക്രമണം ഉണ്ടായത്. ഇതിനുപിന്നാലെ പതാലിൽ രമണി കാലിനും പേപ്പട്ടിയുടെ കടിയേറ്റു.
അടിമാലിക്ക് സമീപം രാജാക്കാട് കൃഷിഭവൻ ജീവനക്കാരിക്കും ബുധനാഴ്ച തെരുവുനായുടെ കടിയേറ്റു. മുക്കുടി വടക്കേക്കരയിൽ സബിന്‍റെ ഭാര്യ അക്സ ഷാജിക്കാണ് (22) കടിയേറ്റത്. രാവിലെ ഒമ്പതരയോടെ മമ്മട്ടിക്കാനത്തെ സ്വന്തംവീട്ടിൽ എത്തിയശേഷം ഓഫിസിലേക്ക് നടന്നുപോകുമ്പോഴായിരുന്നു നായുടെ ആക്രമണം. ആഴത്തിൽ മുറിവേറ്റതിനാൽ ഉടൻ മുല്ലക്കാനത്തെ സാമൂഹിക ആരോഗ്യകേന്ദ്രത്തിലും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടോടെ ഡിസ്ചാർജ് ചെയ്തു.
രാജാക്കാട് പഞ്ചായത്തിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. ഒരുമാസം മുമ്പ് മുല്ലക്കാനത്തുവെച്ച് തെരുവുനായ്ക്കൾ വട്ടംചാടിയതിനെ തുടർന്ന് മാധ്യമപ്രവർത്തകന് ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റിരുന്നു. രണ്ടാഴ്ച രാജാക്കാട് പൊന്മുടിക്ക് സമീപവും തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.