വാഴവര നിർമലസിറ്റിയിൽ തെരുവുനായ് ആക്രമണം; നാലുപേർക്ക് പരിക്ക്
text_fieldsകട്ടപ്പന: വാഴവര നിർമലസിറ്റിയിൽ തെരുവുനായ് ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. വാഴവര കല്ലുമാലിൽ, ചിന്നമ്മ, നിർമലസിറ്റി മുതുപ്ലാക്കൽ, ബാബു, കുന്നേൽ, മേരി തഴക്കൽ സണ്ണി എന്നിവർക്കാണ് നായുടെ കടിയേറ്റത്. നാലു പേരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ച് ദിവസത്തിനിടെ നാലിടങ്ങളിലായി പത്തോളം പേർക്കാണ് കടിയേറ്റത്. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ ത്രിതല പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച കാഞ്ചിയാറ്റിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
കാഞ്ചിയാർ വെങ്ങാലൂർകട സ്വദേശി ഇടയ്ക്കാട്ട് ബിജുവിനാണ് കടിയേറ്റത്. ഏതാനും ദിവസങ്ങളായി കാഞ്ചിയാർ മേഖലയിൽ ശല്യം അതിരൂക്ഷമാണ്. ബുധനാഴ്ച മാത്രം വിദ്യാർഥിയടക്കം അഞ്ചു പേർക്കാണ് കടിയേറ്റത്. തുടർന്ന് രണ്ട് നായെ പിടികൂടി. എന്നാൽ, ആക്രമണകാരിയായ നായെ പിടികൂടാൻ കഴിഞ്ഞില്ല.
ബുധനാഴ്ച വൈകീട്ട് പുരയിടത്തിൽ പുല്ലരിയുന്നതിനിടെ കൊച്ചുചെന്നാട്ട് ജോസഫിനെ നായ് കടിച്ചിരുന്നു. കാഞ്ചിയാർ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. സ്കൂൾ വിദ്യാർഥികളും തോട്ടം തൊഴിലാളികളും ഭയത്തോടെയാണ് രാവിലെ റോഡുകളിലൂടെ നടന്നു പോകുന്നത്. ആക്രമണകാരികളായ നായ്ക്കളെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.